തൊടുപുഴ: കേന്ദ്രബഡ്ജറ്റ് ജില്ലയിലെ തോട്ടംമേഖലയെയും കാർഷിക മേഖലയെയും ഒരുപോലെ നിരാശപ്പെടുത്തി. ആവർത്തിച്ചുള്ള പ്രളയത്തിന്റെയും കൊവിഡിന്റെയും പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ ജില്ലയിലെ കാർഷിക- തോട്ടം- ടൂറിസം മേഖല പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. കാർഷികോത്പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി രൂപ വകയിരുത്തിയത് ആശ്വാസകരമാണ്. ജില്ലയ്ക്ക് അതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. പഴം- പച്ചക്കറികളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ പദ്ധതികൾ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷയേകുന്നതാണ്. ഇത് ജില്ലയിലെ വട്ടവട- കാന്തല്ലൂർ പോലുള്ള മേഖലകളിലെ കർഷകർക്ക് കൂടുതൽ ഗുണമേകും. എന്നാൽ, ബഡ്ജറ്റിൽ തോട്ടം മേഖലയെ പൂർണമായും അവഗണിച്ചു. രാജ്യത്തെ 104 തോട്ടങ്ങളിൽ 74 എണ്ണവും ഇടുക്കി ജില്ലയിലാണ്. ഇതിൽ പീരുമേട്ടിലെ തോട്ടങ്ങൾ പലതും പൂട്ടിക്കിടക്കുകയാണ്. പൂട്ടിയ തോട്ടങ്ങൾ തുറക്കുന്നതിനായി പദ്ധതിയാണ് പ്രധാനമായും പ്രതീക്ഷിച്ചിരുന്നത്. തേയിലയ്ക്ക് പ്രത്യേക പാക്കേജും വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തൽ ഇതുണ്ടായില്ല. കർഷക ക്ഷേമ, തൊഴിലുറപ്പ് പദ്ധതികൾക്കായി വകയിരുത്തിയ തുക കുറഞ്ഞെന്നും ഇത് ജില്ലയെ ബാധിക്കുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.