mula
അയ്യപ്പൻകോവിൽ തൂക്കുപാലത്ത് ഇടുക്കി ജലാശയത്തോട്‌ചേർന്നുള്ള മുളങ്കാടുകൾക്കിടയിലൂടെതോണി തുഴയുന്ന മീൻപിടുത്തക്കാരൻ

കട്ടപ്പന : അയ്യപ്പൻകോവിൽ തൂക്കുപാലം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് കുളിരണിയിക്കുന്ന കാഴ്ച്ചയും അനുഭവവും ഒരുക്കുകയാണ് വനമേഖലയോട്‌ചേർന്ന് കിടക്കുന്ന മുളങ്കാടുകൾ.തണലേകി നിൽക്കുന്ന മുളങ്കാടുകളുടെ ജലാശയത്തിലെ പ്രതിഫലനവും ആകർഷണീയമാണ്. സൂര്യൻ ഉച്ചിയിൽ ഉദിച്ച് നിൽക്കുന്ന നട്ടുച്ചയ്ക്കും മുളങ്കാടുകൾക്കിടയിൽ കുളിരാണ്. ഒപ്പം ജലാശയത്തെ തഴുകി വീശുന്ന കാറ്റിൽ മുളം തണ്ടുകൾ ആടിയുലയുമ്പോൾകേൾക്കുന്ന ശബ്ദവും ആസ്വാദ്യകരമാണ്.ഇടുങ്ങിയ മൺറോഡും ഒരു വശത്ത് സൗമ്യയായി നിലകൊള്ളുന്ന ജലാശയവും നിബിഡ വനത്തിന്റെ വശ്യത നൽകുന്നുണ്ട്. വസന്തകാലത്ത് പാലായനം ചെയ്‌തെത്തിയദേശാടന പക്ഷികളും കാട്ടുപക്ഷികളും മറ്റൊരു കാഴ്ച്ചയാണ്.നാൽപ്പത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് മുളകൾ പൂക്കുന്നത് എന്നാണ് പഴമക്കാർ പറയുന്നത്. അങ്ങനെയെങ്കിൽ മുളകൾ പൂക്കുന്ന കാഴ്ച്ചയും ഇവിടെ ഉടനെ കാണാനാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാഞ്ചിയാർ അയ്യപ്പൻകോവിൽ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തൂക്കുപാലവും മുളങ്കാടുകളും സ്ഥിതി ചെയ്യുന്നത്. തൂക്കുപാലത്തിൽ നിന്നുള്ള ജലാശയത്തിന്റെ കാഴ്ച്ച കാണുവാൻ ഒട്ടേറെ ആളുകൾ എത്തുന്നുണ്ടെങ്കിലും മുളങ്കാടിന്റെ വശ്യത പലയാളുകൾക്കും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.വനം വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെ ഈമേഖലയിൽ ഇക്കോ ടൂറിസം നടപ്പാക്കുകയാണെങ്കിൽ സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെടുന്നുണ്ട്. പഞ്ചായത്തുകൾ മുൻകൈയ്യെടുത്ത് ഇരിപ്പടം ഒരുക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യമുണ്ട്.