തൊടുപുഴ: റബർ കടയിൽ നിന്ന് 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇടവെട്ടി മാർത്തോമ നെല്ലിക്കുന്നത്ത് ഷാമോൻ നസീറാണ് (33) പിടിയിലായത്. കേസിൽ ഇയാളുടെ കൂട്ടു പ്രതികളായ ലിബിൻ, ഷിന്റോ എന്നിവർ മറ്റൊരു മോഷണ കേസിൽ റിമാൻഡിലാണ്. വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിന് സമീപം പ്രവർത്തിക്കുന്ന കെ.സി. ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ് 24ന് അർദ്ധരാത്രിയാണ് പ്രതികൾ റബർ ഷീറ്റ് മോഷ്ടിച്ചു കടത്തിയത്. സ്ഥാപനത്തിന്റെ പിൻവാതിലുകൾ തകർത്താണ് കവർച്ചക്കാർ അകത്ത് കയറിയത്. റബർഷീറ്റിന് പുറമേ അലമാരയിൽ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും അപഹരിച്ചു. ഇതിന് പുറമേ സ്ഥാപനത്തിനുള്ളിൽ നാശനഷ്ടങ്ങളും വരുത്തിയിരുന്നു. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിരുന്നു. മോഷണത്തിന് ശേഷം ഷീറ്റ് കടത്താൻ ഉപയോഗിച്ച ആട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടുമ്പന്നൂർ, വാഴക്കുളം ഭാഗത്ത് പ്രതികൾ വിൽപ്പന നടത്തിയ 500 കിലോയോളം റബർ ഷീറ്റും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ വി.സി. വിഷ്ണുകുമാർ, എ.എസ്‌.ഐ ഷംസുദ്ദീൻ, ഉണ്ണി, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.