waste

ഇടവെട്ടി: കാരിക്കോട്കുന്നം റോഡിൽ തൊണ്ടിക്കുഴക്ക് സമീപം മാലിന്യം തള്ളിയ ആളെ കൈയോടെ പൊക്കി നാട്ടുകാർ. പഞ്ചായത്ത് അധികൃതരെത്തി 10,000 രൂപ പിഴയും ചുമത്തി. കഴിഞ്ഞ ദിവസവും ഇവിടെ വലിയ തോതിൽ മാലിന്യം തള്ളിയിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് ഇത് നീക്കിയത്. ഇന്നലെ രാവിലെയാണ് ചാക്കിൽകെട്ടിയ നിലയിൽ ബേക്കറി വേസ്റ്റും പായ്ക്കിങ് കവറുമടങ്ങുന്ന മാലിന്യം റോഡിൽ കണ്ടെത്തിയത്. പ്രദേശവാസികൾ കെട്ടഴിച്ച് പരിശോധിച്ചപ്പോൾ വാടക ചീട്ട് ലഭിച്ചു. ആളെ വിളിച്ച് വരുത്തി മാലിന്യം നീക്കിക്കുകയും 10,000 രൂപ പിഴയിടുകയും ചെയ്തു. തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. കുമ്മംകല്ലിലെ ഒരു ബേക്കറിയുടമയാണ് മാലിന്യം തള്ളിയത്. അടുത്തിടെ ഇടവെട്ടി വനത്തിൽ കുട്ടിയുടെ സ്‌നഗ്ഗി അടക്കമുള്ള മാലിന്യം തള്ളിയ സംഭവത്തിലും ആളെ പിടികൂടി പിഴയിട്ടിരുന്നു.