 
വഴിത്തല: വീടിനു സമീപം പാർക്കു ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചു കടത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഉടുമ്പന്നൂർ വെള്ളന്താനം കൊല്ലപ്പുഴ കടന്നപ്പള്ളിയിൽ തോമസ് ഡെന്നി (22) ആണ് പിടിയിലായത്. വഴിത്തല കുരിശുങ്കൽ ഡോ.അതുൽ ജോയിയുടെ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് ബൈക്കാണ് കഴിഞ്ഞ 25നു പുലർച്ചെ ഇയാൾ കടത്തിയത്. വീടിനു സമീപമുള്ള കെട്ടിടത്തോടു ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്കിന്റെ ലോക്ക് തകർത്ത് വാഹനം പുറത്തിറക്കി കൊണ്ടു പോകുകയായിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ തട്ടക്കുഴ ഭാഗത്തു നിന്നും കണ്ടെത്തി. തൊടുപുഴ ഡിവൈഎസ്പി എ.ജി.ലാൽ, സിഐ വി.സി.വിഷ്ണുകുമാർ, എസ്‌ഐ ബൈജു പി.ബാബു, എഎസ്‌ഐ ഷംസുദ്ദീൻ, ഉണ്ണി, സിപിഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.