പീരുമേട്: പെരുവന്താനം പഞ്ചായത്തിലെ മണിക്കൽ ചെക്ക്ഡാമിൽനടത്തിവന്നിരുന്ന ബോട്ടു സവാരിയുടെ നടത്തിപ്പ് സ്വകാര്യവ്യക്തിക്ക് കൈമാറാനുള്ള നീക്കത്തിൽ പെരുവന്താനം പഞ്ചായത്തിലെ ഇടതുമുന്നണി അംഗങ്ങൾ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി. ഭരണസമിതി യോഗത്തിനെത്തിയ എൽ ഡി എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി ഉപരോധസമരം നടത്തുകയായിരുന്നു. എം സി സുരേഷ് , പ്രഭാവതി ബാബു , പി വൈ .നിസാർ , പി. ആർ ബിജു ,വി .എൻ ജാൻസി , സാലികുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് മണിക്കൽ ചെക്ക് ഡാം ശുചീകരിച്ച ശേഷം വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയത്. രണ്ട് ബോട്ടുകൾ കുട്ടവഞ്ചി എന്നിവ സഞ്ചാരികൾക്ക് വേണ്ടി എത്തിക്കുകയും ചെയ്തു. ഈ പ്രദേശത്തേക്ക് നൂറുകണക്കിന് സഞ്ചാരികൾ എത്തിത്തുടങ്ങി, മികച്ച വരുമാനത്തിലൂടെ ബോട്ടിംഗ് ലാഭത്തിലേക്ക് എത്തി. പുതുതായി നാലുപേർക്ക് ജോലി ലഭിക്കുകയും ചെയ്തു. കൊവിഡ് വ്യാപനത്തോടെയാണ് ബോട്ടുസവാരി നിലച്ചത്. നിയന്ത്രണങ്ങൾക്ക് ഇളവു വന്നെങ്കിലും നാളിതുവരെ വരെ പദ്ധതി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പതിനൊന്ന് മാസത്തേക്കാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകുന്നത് , പതിന്നൊന്ന് മാസത്തിന് ശേഷം ലാഭകരമല്ലെങ്കിൽ പഞ്ചായത്ത് ബോട്ടിങ്ങ് പുന:രാരംഭിക്കുമെന്ന് പ്രസിഡന്റ് ഡോമിനാ സജി പറഞ്ഞു.