 കാലിത്തീറ്റ വില കുതിക്കുമ്പോൾ പാൽവില കിതയ്ക്കുന്നു

തൊടുപുഴ: അനുദിനം വർദ്ധിക്കുന്ന കാലിത്തീറ്റ വില,​ പാലിന്റെ വിലയില്ലായ്മ,​ കടുത്ത ചൂടിൽ തീറ്റപുല്ലും വെള്ളവും കിട്ടാനില്ലാത്തതും പാലുത്പാദനം കുറയുന്നതും... എല്ലാംകൊണ്ടും ക്ഷീര കർഷകൻ പശു വളർത്തലുമായി മുന്നോട്ടുപോകാനാകാതെ കിതയ്ക്കുകയാണ്. തീറ്റപ്പുല്ലിന്റെ ക്ഷാമവും കാലിത്തീറ്റയുടെ വിലവർദ്ധനയുമാണ് ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പാൽവില വർദ്ധിപ്പിച്ച കാലയളവിൽ 700 രൂപയായിരുന്നു 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇന്നത് പലയിടത്തും 1300ന് മുകളിലാണ്.
സർക്കാർ സ്ഥാപനങ്ങളുടെയടക്കം തീറ്റവില കൂടി. എള്ളിൻ പിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യകമ്പനികളുടെ കാലിത്തീറ്റയ്ക്ക് ചാക്കിന് 100 മുതൽ 130 രൂപവരെ വില വർദ്ധനയുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്. ഇതോടെ കർഷകർ പലരും വൈക്കോലിലേക്ക് തിരിഞ്ഞു. ഇനി വൈക്കോലിന്റെ വിലയും കൂടും. വേനൽക്കാലമായാൽ സാധാരണയായി ഒരു കെട്ട് വൈക്കോലിന് 10 രൂപമുതൽ 15 രൂപവരെ കൂടാറുണ്ട്. എന്നാൽ വൈക്കോൽ കൂടുതൽ കൊടുത്താൽ പാൽലഭ്യത കുറയുമെന്ന പ്രശ്നവുമുണ്ട്. പുറമേ നിന്ന് തീറ്റപ്പുല്ല് വാങ്ങുമ്പോൾ കിലോയ്ക്ക് നാലു മുതൽ അഞ്ചു രൂപ വരെ നൽകണം. അതായത് ശരാശരി 20 ലിറ്റർ പാൽ കറക്കുന്ന പശുവിന് തീറ്റയ്ക്കും മറ്റുമായി ദിനംപ്രതി 500 രൂപയോളമാണ് ചെലവ് വരുന്നത്. എന്നാൽ അതിനനുസരിച്ച് പ്രതിഫലം കർഷകന് തിരികെ കിട്ടുന്നില്ല. കവർ പാൽ ലിറ്ററിന് 46 രൂപ വിലയുണ്ടെങ്കിലും ക്ഷീരകർഷകന് കിട്ടുന്നത് ശരാശരി 36- 37 രൂപ മാത്രമാണ്. ഒരു ലിറ്റർ പാലിന് 50 രൂപയെങ്കിലും ലഭിച്ചാലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമായി പശുവളർത്തൽ മുമ്പോട്ടുപോകുകയുള്ളൂവെന്ന് കർഷകർ പറയുന്നു.

 പശുവിന് വളർത്താൻ പ്രതിദിന ചെലവ്: 500 രൂപ

 ഒരു ലിറ്രർ പാലിന് കിട്ടുന്നത്: 36- 37 രൂപ

ഇരുട്ടടിയായി ചൂട്

വേനലിന് കാഠിന്യമേറിയതോടെ പാൽ ഉത്പാദനം കുറഞ്ഞു തുടങ്ങി. മിക്കയിടങ്ങളിലും ജലക്ഷാമവുമുണ്ട്. തീറ്റപ്പുല്ല് കിട്ടാതായതോടെ വൈക്കോലും കാലിത്തീറ്റയുമാണ് ഇപ്പോഴുള്ള ആശ്രയം.

പ്രതിദിനം 1,​8​6,​000 ലിറ്രർ പാൽ
ജില്ലയിൽ പതിനയ്യായിരത്തോളം ക്ഷീരകർഷകർ പ്രതിദിനം 1,​8​6,​000ത്തോളം ലിറ്റർ പാൽ സംഘങ്ങളിൽ നൽകുന്നുണ്ട്. ജില്ലയിൽ 191 ക്ഷീരസഹകരണസംഘങ്ങളുണ്ട്. 21% പാൽ പ്രാദേശികമായും 79% പാലും നഗരങ്ങളിലും മറ്റും വിപണനം ചെയ്യും. കൊവിഡ് കാലത്തും പ്രളയദുരിത കാലത്തും ഒരു ദിവസംപോലും പാൽ സംഭരണം മുടക്കിയിട്ടില്ല. ഒരു വർഷം ഉദ്ദേശം 260കോടി രൂപ ക്ഷീരസഹകരണസംഘങ്ങളിലൂടെ മാത്രം പാൽവിലയായി കർഷകർക്ക് നൽകുന്നുണ്ട്.

'തീറ്റയ്ക്കും മറ്റും വില കൂടുമ്പോൾ രണ്ടുവർഷക്കാലമായി പാലിന് മാത്രം വില കൂടുന്നില്ല. നഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ പാൽവില ലിറ്ററിന് 50 രൂപയെങ്കിലുമാക്കണം. ഒപ്പം കാലിത്തീറ്റ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.

-സുരേന്ദ്രൻ (ക്ഷീരകർഷകൻ)