നെടുങ്കണ്ടം: വൈദ്യുതി മുടക്കം പതിവായതോടെ വ്യാപാര, ടൂറിസം, കാർഷിക മേഖലകൾ പ്രതിസന്ധിയിലായി. പ്രധാന ഹൈടെൻഷൻ വൈദ്യുതി ലൈനുകളുടെ കാലപ്പഴക്കമാണ്, തടസങ്ങൾ പതിവാകുന്നതിന് ഇടയാക്കുന്നതെന്ന് ആരോപണം.
നെടുങ്കണ്ടം, തൂക്കുപാലം മേഖലകളിൽ പതിവായി വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. 66 കെ.വി ലൈനുകളിലെ അറ്റകുറ്റപണികളുടെ പേരിൽ പകൽ സമയങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. പലപ്പോഴും മുന്നറിയിപ്പ് പോലും നൽകാറില്ല. വാഴത്തോപ്പ് നെടുങ്കണ്ടം 66 കെവി ലൈനിൽ ജനുവരി 19നും 20നും തകരാർ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം പകൽ പൂർണ്ണമായും വൈദ്യുതി തടസപ്പെട്ടു. കഴിഞ്ഞ ദിവസം 11 കെവി ലൈനിൽ തകാർ സംഭവിച്ചതോടെ മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങി. തൂക്കുപാലം, രാമക്കൽമേട് മേഖലകളിൽ മിക്ക ദിവസങ്ങളിലും പകൽ സമയം വൈദ്യുതി ലഭിക്കാറില്ല
വൈദ്യുതി മുടക്കം പതിവായതോടെ വ്യാപര മേഖല കനത്ത പ്രതിസന്ധിയിലാണ്. തുടർച്ചയായി വൈദ്യുതിയിൽ പ്രവർത്തിയ്‌ക്കേണ്ട ഉപകരണങ്ങൾ പ്രവർത്തിയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. വിനോദ സഞ്ചാര മേഖലയിൽ, വൈദ്യുതി മുടങ്ങുന്നത് ടൂറിസ്റ്റുകൾക്കും ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്നു. കൃഷിയിടങ്ങളിലെ ജലസേചനവും പ്രതിസന്ധിയിലായി. ഹൈറേഞ്ചിലെ സബ് സ്റ്റേഷൻ പരിധികളിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങളാണ് ഇപ്പോഴും ഉപയോഗിച്ച്പോരുന്നത്.