തൊടുപുഴ: വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് വേണ്ടി മൂലമറ്റത്ത് ഭവന സമുച്ചയം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതിന് ആവശ്യമായ 10.5 കോടി രൂപയുടെ വിശദമായ രൂപരേഖ കെ എസ് ഇ ബി യും സംസ്ഥാന സർക്കാരും അംഗീകരിച്ചു.
പദ്ധതി സംബന്ധിച്ചുള്ള എസ്റ്റിമേറ്റടക്കമുള്ള കാര്യങ്ങൾ കെ എസ് ഇ ബി തയ്യാറാക്കി വരികയാണ്. ഇത് തയ്യാറായാൽ വൈദ്യുതി ഭവനിലേയ്ക്ക് കൈമാറി ടെണ്ടർ നടപടികളിലേക്ക് കടക്കും. ഏപ്രിൽ ആദ്യ വാരത്തിൽ ടെണ്ടർ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി വകുപ്പ് അധികൃതർ വ്യക്തമാക്കി.
മൂലമറ്റം കേന്ദ്രീകരിച്ച് രണ്ടാം പവർഹൗസ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ജീവനക്കാർക്ക് താമസിക്കുന്നതിനാണ് ഭവനസമുച്ചയം നിർമ്മിക്കുന്നത്. പുതിയ പവർ ഹൗസിന്റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ബോർഡ് കണക്കുകൂട്ടുന്നത്. നിലവിലെ ക്വാർട്ടേഴ്സുകളിൽ ജീവനക്കാർക്ക് താമസിക്കാൻ കഴിയില്ല.
60 വർഷത്തിലേറെ പഴക്കമുള്ള ക്വാർട്ടേഴ്സുകളിൽ മിക്കതും ജീർണ്ണിച്ചതാണ്. എന്നാൽ ഇവ പൊളിച്ചുനീക്കാൻ അടുത്ത നാളിൽ തീരുമാനമായിട്ടുണ്ട്. മൂലമറ്റം എച്ച്. ആർ. സി. ഹാളിന് സമീപം ഒന്ന് , മൂലമറ്റം സിഎസ്.ഐ. പള്ളിയ്ക്ക് സമീപം രണ്ട് എന്നിങ്ങനെയാകും ഫ്‌ളാറ്റുകൾ നിർമ്മിക്കുക.
ജി ടൈപ്പ് മോഡൽ സിംഗിൾ ബെഡ് റൂം ഫ്‌ളാറ്റുകളാകും സ്ഥാപിക്കുക. 18 അപ്പാർട്ട്‌മെന്റുകൾ വീതമുള്ള മൂന്ന് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നത്. ഇതിൽ 54 കുടുംബങ്ങൾക്ക് താമസിക്കാനാകും. ഇവിടെ ക്യാന്റീൻ സൗകര്യവും സജ്ജമാക്കും.