കട്ടപ്പന : ഓക്‌സീലിയം സ്‌കൂളിന് സമീപം ഒഴിഞ്ഞു കിടന്നിരുന്ന പുരയിടത്തിൽ തീ ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി.ബുധനാഴ്ച്ച ഉച്ചയോടെയാണ് പുരയിടത്തിൽ കരിഞ്ഞുണങ്ങി നിന്നിരുന്ന കാടുകൾക്ക് തീ പിടുത്തമുണ്ടായത്. അയൽവാസി മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോൾ ഉണങ്ങി നിന്നിരുന്ന പുല്ലിനും തീ പടരുകയായിരുന്നു. വെള്ളം കോരിയൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ പ്രദേശത്തേയ്ക്ക് ആളിപ്പടർന്നു. തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.തീ പടർന്നതിന് സമീപം നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നാട്ടുകാരും അഗ്‌നിശമന സേനയും അവസരോചിതമായി ഇടപെട്ടതാണ് വലിയ അപകടം ഒഴിവാക്കിയത്.ചൂട് കൂടി നിൽക്കുന്ന സമയത്ത് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും വേനൽക്കാലമായതിനാൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കട്ടപ്പന അഗ്‌നിശമന സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്ലാഡ്‌സൺ അറിയിച്ചു.