കട്ടപ്പന: നഗരസഭയിൽ താത്കാലിക ജീവനക്കാരനെ നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നുള്ള പരാതിയിൽ എതിർ കക്ഷികളായ ഉദ്യോഗസ്ഥരും കൗൺസിലർമാരുമടക്കം 37 പേർക്ക് ഓംബുഡ്‌സ്മാൻ നോട്ടീസ് നൽകി. ആവശ്യമെങ്കിൽ 1 മുതൽ 37 വരെയുള്ള കക്ഷികളോട് നേരിട്ട് ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.നഗരസഭയിലെ മുൻ താത്കാലിക ജീവനക്കാരനായിരുന്ന വിനീഷ് ജേക്കബിനെ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നിയമിക്കാൻ കൗൺസിൽ യോഗത്തിലെടുത്ത തീരുമാനത്തിൽ ഒപ്പിട്ട കൗൺസിൽ അംഗങ്ങൾക്കെതിരെയും, മുൻ സെക്രട്ടറി, മുൻ ഹെൽത്ത് ഇൻസ്‌പെക്ടർ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെയാണ് ബി ജെ പി കൗൺസിലർ തങ്കച്ചൻ പുരയിടത്തിൽ നൽകിയ പരാതിയിൽ ഓംബുഡ്‌സ്മാൻ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി വിചാരണ ഈ മാസം 14 ലേയ്ക്ക് മാറ്റി.നിയമാനുസൃതമായല്ലാതെ ജോലിയിൽ തുടർന്നെന്ന കാരണത്താൽ കഴിഞ്ഞ ഒക്ടോബർ 10 ന് വിനീഷിനെ സെക്രട്ടറി ഇരിപ്പിടത്തിൽ നിന്നും ബലമായി പുറത്താക്കിയത് വലിയ വിവാദമായിരുന്നു.