തൊടുപുഴ: രണ്ടര മാസം മുമ്പ് ഒഴിപ്പിച്ച നഗരത്തിലെ പ്രധാനപാതകളടക്കം കൈയേറിയുള്ള അനധികൃത കച്ചവടങ്ങൾ വീണ്ടും പൂർവാധികം ശക്തിയോടെ തിരികെയെത്തി. എന്നാൽ നഗരസഭാ- പിഡബ്ല്യു.ഡി അധികൃതർ ഇതൊക്കെ കണ്ടിട്ടും കണ്ടമട്ട് വയ്ക്കുന്നില്ല. കഴിഞ്ഞ നവംബർ 22, 23 തീയതികളിലാണ് നഗരസഭ ആരോഗ്യവിഭാഗം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സഹായത്തോടെ നഗരത്തിലെ അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചത്. റോഡ് തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടങ്ങൾ അപകടങ്ങൾക്കും തിരക്കിനും കാൽനടയാത്രക്കാർക്ക് തടസവുമാകുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഗതാഗത ക്രമീകരണ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ആദ്യം നഗരസഭ നോട്ടീസ് നൽകിയപ്പോൾ ചിലർ സ്വയം ഒഴിഞ്ഞുപോയിരുന്നു. നോട്ടീസ് നൽകിയിട്ടും പൊളിച്ചു മാറ്റാത്ത ഷെഡുകളും മറ്റുമാണ് നഗരസഭാ അധികൃതർ നിർബന്ധമായി നീക്കിയത്. എന്നാലിപ്പോൾ നേരത്തേതിനേക്കാൾ വിപുലമായാണ് കച്ചവടം പുനരാരംഭിച്ചിരുക്കുന്നത്. മുമ്പ് താത്കാലികമായ ഉന്തുവണ്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഷീറ്റ് മേഞ്ഞ വലിയ ഷെഡുകൾ വന്നു. മങ്ങാട്ടുകവല- മുതലക്കോടം റോഡ്, കാഞ്ഞിരമറ്റം ബൈപ്പാസ് റോഡ്, പാലാ റോഡ്, മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിലാണ് അധികൃതരെ വെല്ലുവിളിച്ച് വീണ്ടും വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പലയിടത്തും ഫുട്പാത്ത് കൈയേറിയാണ് കച്ചവടം. കാൽനടയാത്രക്കാർ റോഡിലൂടെ നടന്നുപോകേണ്ട സ്ഥിതിയാണ്. ചിലയിടങ്ങളിൽ മെയിൻ റോഡും കടന്നാണ് തങ്ങളുടെ സാധനങ്ങൾ വിൽപ്പനയ്ക്കായി അടുക്കി വെച്ചിരിക്കുന്നത്. ഇവിടെ ആളുകൾ സാധനം വാങ്ങിക്കാൻ നിറുത്തുന്നതാകട്ടെ റോഡിലും. ഇതോടെ ഏറെ തിരക്കേറിയ റോഡിൽ ഗതാഗതകുരുക്കിന് ഇടയാക്കുന്നുണ്ട്. റോഡിന്റെ വശങ്ങളിലെ അശാസ്ത്രീയമായ പാർക്കിംഗ് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഇത്തരം കച്ചവടങ്ങൾ വാഹന യാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നത്. ഇത്തരം കച്ചവടങ്ങൾ പാടില്ലെന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനമുണ്ടെങ്കിലും നഗരസഭ, പൊലീസ്, പൊതുമരാമത്ത് അധികൃതരാരും ഈ വിഷയത്തിൽ ഇടപെടാറില്ല.
പൊലീസിനെ ഉപയോഗിച്ച് കച്ചവടം ഒഴിപ്പിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നതല്ലാതെ ഒന്നും നടക്കില്ല.