കട്ടപ്പന :ഏലം വില നിയന്ത്രണാതീതമായി കൂപ്പുകുത്തുന്ന ഈ സാഹചര്യത്തിൽ കർഷകരുടെയും കർഷക സംഘടനകളുടെയും ആവശ്യപ്രകാരം പുതിയ രീതിയിൽ ഇ-ലേലം സ്‌പൈസസ് ബോർഡ് നടപ്പിലാക്കിത്തുടങ്ങി. ആകെ പതിയുന്നതിൽ 70 ശതമാനം ഏലക്കാ കർഷകരുടെ ഏലക്കായ ആയിരിക്കണമെന്നാണ് ഒരു നിർദേശം. കൂടാതെ ഒരു ഏജൻസിയുടെ ലേലത്തിൽ പരമാവധി 65000 കിലോയിൽ കൂടുതൽ കായ വിൽപനയ്ക്ക് എത്തിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഇപ്രകാരം ഇന്നലെ നടന്ന 2 ലേലങ്ങളിലും 65000 കിലോയിൽ താഴെയായിരുന്നു പതിവ്. കൊച്ചി സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ ലേലത്തിൽ 64646 കിലോയും ഗ്രീൻ കാർഡമം ട്രേഡിങ് കമ്പനിയുടെ ലേലത്തിൽ 62759 കിലോയും കായയാണ് പതിഞ്ഞത്.പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ റീ പൂളിംഗ് നിർത്തലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.വിലയിടിവ് തടയുന്നതിന് ഉള്ള മാർഗങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വിവിധ കർഷക സംഘടനകളുടെ സംയുക്ത യോഗം സ്‌പൈസസ് ബോർഡ് വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ അംഗീകരിക്കപ്പെട്ട നിർദ്ദേശങ്ങളാണ് നടപ്പിലാക്കുന്നത്. ഒരു തവണ പതിയുന്ന ഏലക്കാ തരം തിരിച്ച് മോശം കായ് അടുത്ത ദിവസങ്ങളിൽ വീണ്ടും റീ പൂളിംഗിന് എത്തിക്കുന്നത് വിലയിടിവിന് കാരണമാകുകയും ശരാശരി വിലയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. നിലവിൽ പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് ഒരു മാസത്തേക്കാണ് കമ്പനികൾക്ക് സ്‌പൈസസ് ബോർഡ് ഷെഡ്യൂൾ നൽകിയിരിക്കുന്നത്.