തൊടുപുഴ: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ആവശ്യത്തിന് രേഖകൾ കൈവശമില്ലാതെ ചീറി പായുന്ന ഇരുചക്രവാഹനയാത്രികർ സൂക്ഷിച്ചോ... നിങ്ങൾക്കുള്ല പണി പൊലീസും മോട്ടോർ വാഹന വകുപ്പും ഒരുമിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെ തൊടുപുഴയിൽ പൊലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ ആയിരത്തോളം ഇരുചക്രവാഹനയാത്രികർക്കെതിരെ കേസെടുത്തു. ജില്ലയിലെ നിരത്തുകളിൽ ഇരുചക്ര വാഹനാപകടങ്ങൾ വർധിക്കുകയും ഒട്ടേറെ യുവാക്കളുടെ ജീവൻ പൊലിയുകയും ചെയ്ത സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി ഇരുവകുപ്പുകളും രംഗത്തെത്തിയത്. ഇതിന്റെ ആദ്യ പടിയായിയായിരുന്നു ഇന്നലെ വൈകിട്ട് മൂന്ന് മുതൽ ഏഴ് വരെ തൊടുപുഴയിൽ നടന്ന സംയുക്ത പരിശോധന. ഹെൽമറ്റ് ഇല്ലാത്തത്, ഇൻഷുറൻസടക്കമുള്ല രേഖകളില്ലാത്തത്,​ അമിത വേഗത, വാഹനങ്ങളുടെ രൂപ മാറ്റം, നമ്പർ പ്ലേറ്റ് ഇല്ലാത്തത്, അമിത ശബ്ദം ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തി കേസെടുത്തത്. നാല്പതോളം ഉദ്യോഗസ്ഥർ പന്ത്രണ്ടോളം സ്വകാഡുകളായി തിരിഞ്ഞ് വിവിധ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് പരിശോധിച്ചത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ, തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, ജോയിന്റ് ആർ.ടി.ഒ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. അടുത്തിടെ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച നെടുങ്കണ്ടത്ത് നാളെ പ്രത്യേക യോഗവും സംയുക്ത പരിശോധനയും നടക്കും.