സ്മാർട്ട് റേഷൻ കാർഡ് നിർബന്ധമല്ല
തൊടുപുഴ: റേഷൻകടയിൽ നിന്ന് സാധനങ്ങൾ ലഭിക്കുന്നതിന് സ്മാർട്ട് റേഷൻ കാർഡ് നിർബന്ധമാണെന്ന തരത്തിൽ വ്യാജപ്രചരണം. റേഷൻ ലഭിക്കുന്നതിന് സ്മാർട്ട് കാർഡ് നിർബന്ധമാണെന്ന ഉത്തരവ് ഇതുവരെ പൊതുവിതരണവകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ. സ്മാർട്ട് റേഷൻകാർഡ് നിർബന്ധമാണെന്ന് കാർഡുടമകളെ തെറ്റിദ്ധരിപ്പിച്ച് ചിലർ അമിതവില ഈടാക്കി അവ പ്രിന്റ് ചെയ്ത് നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ചില അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളുമാണ് ഇത്തരത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയടക്കം വ്യാജപ്രചരണം നടത്തുന്നത്. പുസ്തകരൂപത്തിലുള്ള റേഷൻകാർഡ് കൈവശമുള്ളവർ തുടർന്നും അതുപയോഗിച്ചാൽ മതി. കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ച ഇ- റേഷൻ കാർഡിന്റെ പരിഷ്കരിച്ച പതിപ്പായ സ്മാർട്ട് റേഷൻ കാർഡ് നവംബറിലാണ് നൽകി തുടങ്ങിയത്. പുസ്തകരൂപത്തിലുള്ള റേഷൻ കാർഡുകൾക്കുപകരമായി ആധാർ വലുപ്പത്തിലുള്ള ഇ- റേഷൻ കാർഡ്, പ്ലാസ്റ്റിക് സ്മാർട്ട് റേഷൻ കാർഡ് എന്നിവയാണ് നിലവിൽ അനുവദിക്കുന്നത്. ആവശ്യമുള്ളവർക്ക് ഇത് സപ്ലൈ ഓഫീസിൽ വരാതെ തന്നെ അക്ഷയകേന്ദ്രങ്ങൾ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റിൽ സിറ്റിസൺ ലോഗിൻ വഴിയോ പ്രിന്റെടുത്ത് ഉപയോഗിക്കാം.
സ്മാർട്ടായാലുണ്ട് നേട്ടം
തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം
യാത്രകളിൽ കരുതാം
പ്രവർത്തനം ഇങ്ങനെ
നിലവിലുള്ള റേഷൻ കാർഡിന്റെ അതേ നിറമുള്ള സ്മാർട്ട് കാർഡ് സ്‌കാൻ ചെയ്യുമ്പോൾ വിശദവിവരം സ്‌ക്രീനിൽ തെളിയും. ഇതിനായി റേഷൻ കടകളിൽ ഇപോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്‌കാനറും വയ്ക്കും. റേഷൻ വാങ്ങുമ്പോൾ വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കും. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവ റേഷൻ കാർഡിന്റെ മുൻവശത്ത് ഉണ്ടാകും. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതികരിച്ചോ, എൽപി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പുറകിൽ. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാർട്ട് കാർഡുകൾ ലഭിക്കും.
സ്മാർട്ട് റേഷൻ കാർഡ് കിട്ടാൻ
അക്ഷയ സെന്റർ/ സിറ്റിസൺ ലോഗിൻ വഴിയാണ് എം.ടി.എം കാർഡിന് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ അപേക്ഷിക്കാം. റേഷൻ കാർഡിന്റെ ബാർകോഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം പ്രിന്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. പി.ഡി.എഫ് ഡൗൺലോഡ് ചെയ്യുമ്പോൾ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പരിൽ പാസ്‌വേഡ് ലഭ്യമാകും. കാർഡ് രൂപത്തിൽ പ്രിന്റെടുക്കാൻ സർവീസ് ചാർജും പ്രിന്റിംഗ് ചാർജുമുൾപ്പെടെ 65 രൂപ അക്ഷയ കേന്ദ്രത്തിൽ നൽകണം.