
തൊടുപുഴ: സമഗ്രശിക്ഷാകേരളവും പൊതുവിദ്യാഭ്യാസ വകുപ്പുംചേർന്ന് ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഗണിതം ഉല്ലാസകരവും രകസരവുമായി പഠിക്കുന്നതിനുവേണ്ടി തയാറാക്കിയിട്ടുള്ള പഠന പരിപോഷണ പരിപാടിയായ 'ഉല്ലാസഗണിതം - വീട്ടിലും വിദ്യാലയത്തിലും' എന്ന പദ്ധതിയുടെ അദ്ധ്യാപക പരിശീലനം ജില്ലയിൽ പൂർത്തിയായി.കൊവിഡ് 19 മൂലം വിദ്യാലയങ്ങൾ പൂർണ്ണമായും തുറക്കാത്ത സാഹചര്യത്തിൽ ഗണിതശേഷികൾ ആർജ്ജിക്കുന്നതിൽ കുട്ടികൾക്കുണ്ടായിട്ടുള്ള പഠനക്കുറവുകൾ പരിഹരിക്കുന്നതിനും ഒരേ സമയം വീടുകളിലും വിദ്യാലയങ്ങളിലും നടത്താൻ കഴിയുന്ന പഠന പ്രവർത്തനങ്ങളും കളികളും മത്സരങ്ങളും വിവിധ രൂപങ്ങളുടെ നിർമ്മാണങ്ങളുമൊക്കെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഉല്ലാസഗണിതത്തിന്റെ പരിശീലന മൊഡ്യൂൾ തയാറാക്കിയിട്ടുള്ളത്. വിദ്യാലയങ്ങളിൽ ഓൺലൈനായി ക്ലാസ്സ് പി.ടി.എ വിളിച്ചുചേർത്ത് രക്ഷിതാക്കൾക്കുകൂടി പരിശീലനം കൊടുത്തുകൊണ്ട് വീടുകളിലിരുന്ന് ഗണിത പ്രവർത്തനങ്ങൾ നടത്താവുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഉല്ലാസഗണിതം പഠന പരിപോഷണ പദ്ധതിയിലെ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് 20 രൂപയും രണ്ടാം ക്ലാസ്സിലെ കുട്ടികൾക്ക് 40 രൂപയും ചെലവഴിച്ചുകൊണ്ട് ബി.ആർ.സികൾ മുഖേന ഗണിത കിറ്റുകൾ വാങ്ങി വിതരണം ചെയ്യുമെന്ന് സമഗ്രശിക്ഷ, ജില്ലാപ്രോജക്ട്‌കോ-ഓർഡിനേറ്റർ ഡി . ബിന്ദുമോൾ അറിയിച്ചു.