പീരുമേട്:തേക്കടിയിൽ സഞ്ചാരികൾക്കായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള വാക്കിംഗ് സ്ട്രീറ്റിന്റെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയശേഷം നിർമ്മാണം ഉടൻ ആരംഭിക്കും. ഇ. എസ്. ബി ജി മോൾ എം.എൽഎ ആയിരുന്നപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്ന് വാക്കിംഗ് സ്ട്രീറ്റ് നിർമാണത്തിനായി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. തേക്കടി കവല മുതൽ വനംവകുപ്പ് ചെക്ക്‌പോസ്റ്റ് വരെ 1100 മീറ്റർ ദൂരത്തിൽ ഇരുവശത്തിലും വാക്കിംഗ് സ്ട്രീറ്റ് നിർമ്മിക്കാനാണ് പദ്ധതി.ഒന്നര മീറ്റർ വീതിയിലാണ് നിർമ്മാണം .ഇതിനായുള്ള സർവ്വേ പൊതുമരാമത്ത് പൂർത്തീകരിച്ചു. വാക്കിംഗ് സ്ട്രീറ്റിന് എടുക്കേണ്ട സ്ഥലം അളന്ന് തിരിച്ചു. നാളെ ഇതുസംബന്ധിച്ച് വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു. ആന വച്ചാൽ മേഖലയിലെ വനംവകുപ്പിന്റെ മതിൽ പൊളിച്ചു കമ്പിവേലി നിർമ്മിക്കാൻ വനംവകുപ്പിന് കത്ത് നൽകുമെന്ന് വാഴൂർ സോമൻ എം എൽ എ പറഞ്ഞു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ , വൈസ് പ്രസിഡന്റ് ബാബുക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സിദ്ദിഖ് ,ആൻസി സണ്ണി ,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു.