
• നവീകരണത്തിന് അനുവദിച്ചിരിക്കുന്നത് 25 ലക്ഷം
കട്ടപ്പന :മഹാ പ്രളയത്തെ തുടർന്ന് അപകടാവസ്ഥയിലായ ഉപ്പുതറ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി.പ്രളയ ജലത്തിൽ കുത്തിയൊഴുകി എത്തിയ മരത്തടികളും മറ്റ് അവശിഷ്ടങ്ങളും ഇടിച്ചാണ് പാലത്തിന്റെ കൈവരികളും തൂണുകളിലെ സിമന്റ് പാളികളും അടർന്ന് പോയത്. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഉപ്പുതറ പാലം ഉൾപ്പടെ നാല് പാലങ്ങൾ പുതുക്കിപ്പണിയാൻ സർക്കാർ 2020 ൽ തീരുമാനിച്ചിരുന്നു. എന്നാൽ കൈവരികൾ നന്നാക്കി പെയ്ന്റിടിച്ചതല്ലാതെ ബലപ്പെടുത്തിയില്ലെന്ന ആക്ഷേപം ശക്തമായി.ഇത്സംബന്ധിച്ച് വാർത്ത വന്നതോടെ പീരുമേട് എം എൽ എ വാഴൂർ സോമനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പാലം സന്ദർശിക്കുകയും ചെയ്തു.25 ലക്ഷം രൂപയുടെ നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. ബ്രിഡ്ജ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.
1980 ൽ പെരിയാറിനു കുറുകെ ഉപ്പുതറ അയ്യപ്പൻ കോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ പാലത്തിലൂടെ ദിവസേന ചരക്ക് വാഹനങ്ങൾ അടക്കം നൂറിന് മുകളിൽ വാഹനങ്ങളാണ് കടന്നുപോകുന്നത്.തേക്കടി കൊച്ചി സംസ്ഥാന പാതയുടെ ഭാഗം കൂടിയാണ് ഉപ്പുതറ പാലം. ഈ റോഡിന്റെ നവീകരണവും നടന്ന് വരികയാണ്. റോഡ് വികസനം പൂർത്തീകരിക്കുന്നതിനൊപ്പം പാലത്തിന്റെ അറ്റകുറ്റപ്പണികളും തീർക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുന്നത്.