നെടുങ്കണ്ടം: ഇടവേളക്ക് ശേഷം പട്ടംകോളനി മേഖലയിൽ നിന്നും വീണ്ടും ചന്ദമരം മോഷണം. ബുധനാഴ്ച രാത്രിയിൽ തൂക്കുപാലം മേഖലയിൽ നിന്നും സ്വകാര്യ വ്യക്തിയുടെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമരമാണ് മോഷ്ടിച്ച് കടത്തിയത്. 46 സെന്റീമീറ്റർ വലിപ്പമുള്ള ചന്ദന മരമാണ് മുറിച്ച് കടത്തിയത്. തായ്തടി എടുത്തശേഷം ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. അർദ്ധരാത്രിയോടെയാണ് മരം മുറിച്ച് കടത്തിയത്. സമീപത്തുള്ള മറ്റ് ചില മരങ്ങളും മുറിച്ചു കടത്താൻ ശ്രമം നടത്തിയിട്ടുണ്ട്. ജില്ലയിൽ മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരമുള്ളത് പട്ടംകോളനി മേഖലയിലെ സ്വകാര്യ ഭൂമിയിലാണ്.ഇവിടങ്ങളിൽ നിന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 250 ലധികം ചന്ദന മരങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആറ് മാസമായി സജീവമല്ലാതിരുന്ന ചന്ദ മോഷ്ടാക്കൾ വീണ്ടും രംഗത്തിറങ്ങിയതിന്റെ തെളിവാണ് ഇപ്പോൾ നടന്ന മോഷണം. തമിഴ്‌നാട്ടിൽ നിന്നെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയം.