തൊടുപുഴ: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി ഇനി വാഹനത്തിൽ ചീറി പായുന്നവർക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് വീട്ടിലെത്തും. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറാകളാണ് സജ്ജീകരിക്കുക. നിയമലംഘനങ്ങൾ കണ്ടെത്തിയാലുടൻ വ്യക്തമായ ചിത്രം സഹിതം സന്ദേശം കൺട്രോൾ റൂമുകളിൽ എത്തും. ഉടൻ തന്നെ വാഹന ഉടമകളുടെ മേൽവിലാസത്തിൽ നിയമ ലംഘന നോട്ടീസുകളെത്തും. ഹെൽമറ്റോ സീറ്റ് ബെൽറ്റോ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിംഗ്, കൃത്യമായ നമ്പർപ്ലേറ്റ് ഇല്ലാത്തത്, മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുക, ഇരുചക്രവാഹനത്തിൽ മൂന്നുപേരെ വച്ച് ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാകും ആദ്യഘട്ടത്തിൽ കണ്ടെത്തുക. ക്യാമറാ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തിൽ മാത്രം 12 എണ്ണമുണ്ട്. ഇലക്ട്രോണിക് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. സൗരോർജ്ജത്തിലാണ് ഈ ക്യാമറകൾ പ്രവർത്തിക്കുക. ക്യാമറയുള്ള പോസ്റ്റിൽ തന്നെ സോളാർ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകൾ, എൽ.ഇ.ഡി സൈൻ ബോർഡുകൾ, ടൈമറുകൾ എന്നിവ ഉൾപ്പെടുന്നതാണ് നിരീക്ഷണ ക്യാമറകൾ. വയർലെസ് ക്യാമറകളായതിനാൽ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. ക്യാമറകളുടെ അഞ്ചു വർഷത്തെ പ്രവർത്തനച്ചുമതല പൂർണമായും കെൽട്രോണിനാണ്. അസംബ്ലിങ്ങും ടെസ്റ്റിങ്ങും കെൽട്രോൺ യൂണിറ്റ് നടത്തും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഇത് 'ബുദ്ധി"യുള്ള ക്യാമറ

ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിർമ്മിത ബുദ്ധിയിലൂടെയാണ് ക്യാമറ കണ്ടെത്തുന്നത്. വിവിധ തരം ട്രാഫിക് നിയമലംഘനങ്ങൾ ഈ ക്യാമറകൾക്ക് വേർതിരിച്ചു കണ്ടെത്താനും സാധിക്കും. അതായത് ഹെൽമറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തവരാണെങ്കിൽ അതും വേർതിരിച്ചറിയാം. ഹെൽമറ്റിനു പകരം സമാനരീതിയിലുള്ള തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തൻ ക്യാമറ കണ്ടുപിടിച്ചിരിക്കും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിർമിതബുദ്ധി ക്യാമറകൾക്കു സാധിക്കും.

മൂന്ന് മണിക്കൂർ, 518 കേസുകൾ, കിട്ടിയത് 5.5 ലക്ഷം

മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി തൊടുപുഴയിൽ മൂന്ന് മണിക്കൂർ നടത്തിയ പരിശോധനയിൽ 518 കേസുകളിലായി അഞ്ച് ലക്ഷത്തോളം രൂപ പിഴയീടാക്കി. ഹെൽമറ്ര് ഇല്ലാത്തവർ- 395, ഇൻഷുറൻസ് ഇല്ലാത്തവ- 51, രജിസ്‌ട്രേഷൻ നമ്പർ വ്യക്തമല്ലാത്തത്- 11, അമിത ശബ്ദമുള്ള സൈലൻസർ- 9, ലൈസൻസില്ലാത്തത്- 17, ടാക്‌സ് ഇല്ലാത്തത്- 4

ട്രിപ്പിൾ യാത്ര- 05 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.