നെടുങ്കണ്ടം: ജന്മദിന ആഘോഷത്തിനിടെ നടന്ന തർക്കത്തെ തുടർന്ന് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി ആക്രമിച്ചു. വാർഡ് മെമ്പർ ദാസിന്റെ വീട് കയറി ആക്രമിച്ചെന്ന കേസിൽ പാറത്തോട് സ്വദേശികളായ പ്രകാശ് (45), സ്വാമി (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൈകൾക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അയൽവാസിയുടെ വീട്ടിൽ നടന്ന ജന്മദിനാഘോഷങ്ങൾക്കിയിൽ രണ്ട് വീട്ടമ്മമാർ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് വീട് കയറി ആക്രമണത്തിലേയ്ക്ക് നയിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് ഉടുമ്പൻചോല സി.ഐ ഫിലിപ് സാം അറിയിച്ചു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.