
മൂന്നാർ: സംസ്ഥാനം രാവും പകലും ചൂടിൽ വെന്തുരുകുമ്പോൾ തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാർ തണുത്തുറയുന്നു. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില മൈനസിലേക്കെത്തി. ബുധനാഴ്ച പുലർച്ചെയാണ് സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒന്ന് മൂന്നാർ ചെണ്ടുവരയിൽ രേഖപ്പെടുത്തിയത്. കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് ചെണ്ടുവര എസ്റ്റേറ്റിലും പരിസര പ്രദേശങ്ങളിലും തേയിലച്ചെടികളുടെ തളിരുകൾ മുരടിച്ചുപോയി. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഫെബ്രുവരിയിൽ ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി 12ന് ലക്ഷ്മി എസ്റ്റേറ്റിൽ താപനില മൈനസ് രണ്ട് ഡിഗ്രിയിലെത്തിയിരുന്നു. ഡിസംബർ 28ന് ചെണ്ടുവരയിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. സാധാരണ ജനുവരിയിൽ കാണാറുള്ള മഞ്ഞുവീഴ്ച ഇത്തവണയുണ്ടായിരുന്നില്ല. വരുംനാളുകളിലും മൂന്നാറിലെ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്.
സഞ്ചാരികൾ കുറവ്
കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ തണുപ്പ് ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം തീരെ കുറവാണ്. മാത്രമല്ല, വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഒന്നാം തീയതി മുതൽ ഇരവികുളം ദേശീയ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. മാർച്ച് പകുതിയോടെയായിരിക്കും ഉദ്യാനം ഇനി സഞ്ചാരികൾക്കായി തുറക്കുക.
തേയില ഉത്പാദനത്തെ ബാധിക്കും
കാലാവസ്ഥാ വ്യതിയാനം മൂന്നാറിലെ തേയില ഉത്പാദനത്തെ സാരമായി ബാധിക്കും. കഴിഞ്ഞ ദിവസത്തെ മഞ്ഞുവീഴ്ചയിൽ ചെണ്ടുവരയടക്കമുള്ള പല പ്രദേശങ്ങളിലും തേയിലച്ചെടികൾ നശിച്ചു പോയിരുന്നു. ഈ സീസണിൽ ഇതുവരെ 200 ഹെക്ടറോളം തേയിലത്തോട്ടം നശിച്ചു. ഇത് സാധാരണ നിലയിലേക്കെത്താൻ 40- 60 ദിവസമെടുക്കും. കേരളത്തിലെ ആകെ തേയില ഉത്പാദനത്തിന്റെ പകുതിയും മൂന്നാറിലാണ്. 60- 65 ദശലക്ഷം കിലോ തേയിലയാണ് ഒരു സീസണിലെ ഇവിടത്തെ ഉത്പാദനം.