കട്ടപ്പന: കർഷക വിലാപത്തിന് ചെവികൊടുക്കാത്ത ബഡ്ജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാക്കുകൾ വെറും ജലരേഖയായി മാറി. വിശ്വാസം നഷ്ടപ്പെട്ട കേന്ദ്രബഡ്ജറ്റ് നിരാശജനകമാണെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ പറഞ്ഞു. തേയില വ്യവസായത്തെയും കർഷകരെയും സംരക്ഷിക്കാൻ കഴിഞ്ഞ ബഡ്ജറ്റിൽ 353.65 കോടി രൂപ നീക്കി വച്ചിരുന്നു. ഇപ്പോൾ പ്രഖ്യാപിച്ച ബഡ്ജറ്റിൽ വെറും 131.92 കോടി രൂപ മാത്രം. 222 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കാർഷിക മേഖലയ്ക്ക് ലഭിക്കേണ്ട തുകയാണ് കൂടുതലും വെട്ടിക്കുറച്ചിരിക്കുന്നത്.
രാജ്യത്തെ 30ശതമാനം വരുന്ന ചെറുകിട തേയില കർഷകരെ മാറ്റി നിറുത്തി തേയില വ്യവസായത്തിന് ആവശ്യമായ തേയിലപ്പൊടി വിദേശത്ത് നിന്ന് നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്ത് വ്യവസായികളെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് തേയില ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതും ബഡ്ജറ്റിൽ പറയാതെ പറയുന്നതെന്നും കർഷകർ ആശങ്കപ്പെടുന്നു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 10,000 കോടിയുടെ തേയില പാക്കേജ് കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും നൽകണമെന്നുള്ള ഉറപ്പും ഇതോടെ ഇല്ലാതായി. തോട്ടങ്ങളിൽ പഴവർഗ ചെടികൾ നടുന്നതിനും ആടുമാടുകളെകൂടി വളർത്തി കർഷകർക്ക് ഉപജീവനം കണ്ടെത്താനുമുള്ള പാക്കേജാണ് ഇല്ലാതാക്കിയത്.
അന്യായമായ ഇറക്കുമതി തടയാനോ വാണിജ്യ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്താനോ രാസവസ്തുക്കളുടെ വില കുറയ്ക്കാനോ സബ്‌സിഡികൾ പുനഃസ്ഥാപിക്കാനോ കഴിയാത്ത ഈ ബഡ്ജറ്റ് കർഷകരെ വീണ്ടും കടക്കെണിയിൽ എത്തിക്കുമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ സെബാസ്റ്റ്യൻ ജോർജ്ജ്, പി.പി. മാത്യു, ആന്റണി മേടയിൽ, കുട്ടിയച്ചൻ ഒഴുകയിൽ, ഫിലിപ്പ് ജോൺ എന്നിവർ പങ്കെടുത്തു.