തൊടുപുഴ: ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ച ശേഷം നിർമ്മാണം പുനരാരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. നിർമ്മാണ ചിലവ് പങ്കു വയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റങ്ങളാണ് പദ്ധതി മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായി ലോക്‌സഭയിൽ അറിയിച്ചു. 2015 നവംബർ 27ൽ ശബരി റെയിൽവേയുടെ പകുതി ചിലവ് വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. 2016 ഒക്ടോബർ ഒന്നിന് എം.ഒ.യു ഒപ്പിട്ടു. 2016 നവംബർ 15ന് ചിലവ് പങ്ക് വയ്ക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറിയതായി അറിയിച്ചത്. ശബരിമല തീർത്ഥാടകർക്ക് വേണ്ടിയുള്ള റെയിൽവേ പാത നിർമ്മിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ ആവശ്യപ്പെട്ടിരുന്നു. പിന്നീട് റെയിൽവേ പലതവണ കത്ത് അയച്ചിട്ടും നിസഹകരിച്ചതിനാലാണ് 2019 ൽ ഈ പദ്ധതി റെയിൽവേ താത്കാലികമായി മരവിപ്പിച്ചത്. 2021 ജനുവരി ഏഴിന് സംസ്ഥാന സർക്കാർ ശബരി റെയിൽവേയുടെ പകുതി ചിലവ് വഹിക്കാമെന്നറിയിച്ച് വീണ്ടും കത്ത് തന്നിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും സംയുക്ത സംരംഭമായ കെ.ആർ.ഡി.സി.എല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും 2002ൽ കല്ലിട്ട് തിരിച്ച 70 കിലോമീറ്റർ ദൂരത്തെ പുതുക്കിയ എസ്റ്റിമേറ്റ് മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. അവശേഷിക്കുന്ന 41 കിലോമീറ്റർ ദൂരത്തെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കെ.ആർ.ഡി.സി.എൽ ലിഡാർ സർവേ നടത്തിയെങ്കിലും പുതുക്കിയ എസ്റ്റിമേറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. 111 കിലോമീറ്ററിന്റെയും പുതുക്കിയ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നിർമ്മാണം പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും റെയിൽവേ മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.