മുതലക്കോടം:സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഗ്രേഡിങ്ങിൽ ഈ വർഷവും മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറി എ പ്ലസ് ഗ്രേഡ് നിലനിർത്തി. തുടർച്ചയായി മൂന്നാം വർഷമാണ് എ പ്ലസ് നേടുന്നത്. സംസ്ഥാനത്തെ പതിനായിരത്തോളം ഗ്രന്ഥശാലകളിൽ വളരെ കുറച്ച് ഗ്രന്ഥശാലകൾക്കു മാത്രമാണ് എ പ്ലസ്സ് ഗ്രേഡ് ലഭിക്കുക. പുസ്തകങ്ങളുടെ എണ്ണം, വിതരണം, പശ്ചാത്തല സൗകര്യം അംഗങ്ങളുടെ എണ്ണം, ഇതര പ്രവർത്തനങ്ങളും ഉപസമിതികളുടെ പ്രവർത്തനങ്ങളുടെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡുകൾ തീരുമാനിക്കപ്പെടുന്നത്. ജയ്ഹിന്ദ് ലൈബ്രറിയിൽ 15435 പുസ്തകങ്ങളും 845 അംഗങ്ങളുമാണുള്ളത്. സെമിനാറുകൾ, സംവാദങ്ങൾ, പുസ്തകചർച്ചകൾ, കവിയരങ്ങുകൾ, ദിനാചരണങ്ങൾ തുടങ്ങിയ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കൊപ്പം നാടകോത്സവവും കാർഷികമേഖലയിൽ കപ്പ, വാഴ കൃഷികളോടൊപ്പം വീടുകളിൽ ജൈവ പച്ചക്കറി, അടുക്കളത്തോട്ടം പദ്ധതി, റോഡുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ, സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സാ സഹായങ്ങൾ സർക്കാർ സഹായ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മനുഷ്യാധ്വാനം സംഭാവന ചെയ്യുകയും സ്വാശ്രയ സംഘടനകളുടെ പ്രവർത്തനങ്ങൾ, ഉപസമിതികളായ യുവജനവേദി, ബാലവേദി,വനിതാവേദി, വയോജനവേദി, സാംസ്‌കാരികവേദി എന്നിവയുടെ തനതായ പ്രവർത്തനങ്ങളും ഗ്രേഡിങ്ങിൽ പരിശോധിക്കപ്പെട്ടു. കെ.സി. സുരേന്ദ്രൻ പ്രസിഡന്റും, ഷാജു പോൾ സെക്രട്ടറിയും അജയ് തോമസ് വൈസ് പ്രസിഡന്റും ജോസ് തോമസ് ജോ. സെക്രട്ടറിയുമായ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.