തൊടുപുഴ: സിനിമകളുടെ ഭാഗ്യ ലൊക്കേഷനായി മാറിയ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും വീണ്ടും സിനിമ ചിത്രീകരണങ്ങളുടെ പൂക്കാലം. നാലോളം സിനിമകളുടെ ചിത്രീകരണങ്ങളാണ് ഇപ്പോൾ തൊടുപുഴയുടെ വിവിധ മേഖലകളിലായി പുരോഗമിക്കുന്നത്. സച്ചി -സേതു കൂട്ട് കെട്ടിലെ സേതു സ്ക്രിപ്റ്റ് ചെയ്ത് തൊടുപുഴ സ്വദേശി അമൽ കെ ജോബി സംവിധാനം ചെയ്യുന്ന 'എതിരെ'. റഹ്മാൻ, ഗോകുൽ സുരേഷ് ഗോപി, നമിത പ്രമോദ്, നൈല ഉഷ എന്നിവരാണ് എതിരെയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാജിർ സദാഫ് സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായന്റെ പറമ്പ് ' ന്റെ ചിത്രീകരണവും ഇവിടെ പുരോഗമിക്കുകയാണ്. യുവ നടൻ രതീഷ് കൃഷ്ണൻ, രേണു സൗന്ദർ, സലീംകുമാർ, ജാഫർ ഇടുക്കി എന്നിവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. കൂടാതെ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, പുതുമുഖങ്ങളായ സ്വരൂപ്കുമാർ, മായ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് വാസുദേവ് സംവിധാനം ചെയ്യുന്ന 'പ്രിയപ്പെട്ടവർ' എന്നിങ്ങനെ മറ്റ് രണ്ട് സിനിമകളുടെ ചിത്രീകരണങ്ങളും തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും നടന്ന് വരുന്നുണ്ട്. ഡേവിഡ് കാച്ചപ്പള്ളി- ഷെരീഫ് മുഹമ്മദ്‌ എന്നിവർ നിർമ്മിച്ച് ജോഷി - സുരേഷ് ഗോപി കൂട്ട് കെട്ടിലെ 'പാപ്പൻ', മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം, രൻജി പണിക്കർ, ഇന്ദ്രൻസ്, ഹരീഷ് പേരടി, ഹരീഷ് കണാരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്ത അഞ്ചിൽ ഒരാൾ തസ്ക്കരൻ എന്നിങ്ങനെ സിനിമകളുടെ ഏതാനും ഭാഗങ്ങളും അടുത്ത നാളിൽ തൊടുപുഴയിൽ ചിത്രീകരിച്ചിരുന്നു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന പുതിയ 6 സിനിമകൾ കൂടിയാണ് അടുത്ത ദിവസങ്ങളിലായി തൊടുപുഴയിലേക്ക് എത്തുന്നത്.