ambulancce

ഇടുക്കി: വീട്ടിൽ പ്രസവിച്ച അന്യസംസ്ഥാന തൊഴിലാളി യുവതിയെയും കുഞ്ഞിനെയും സുരക്ഷിതരായി ആശുപത്രിയിലെത്തിച്ച് കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. നെടുങ്കണ്ടം ചെമ്പകകുഴിയിലെ വാടകവീട്ടിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഷിബ്പൂർ സ്വദേശി സമീറിന്റെ ഭാര്യ മർഫയ്ക്ക് (20) പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മോൺസൻ പി. സണ്ണി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്റു റോസ് വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് തന്നെ മർഫ കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്റു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും ഡ്രൈവർ മോൺസൻ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.