adimalicv

അടിമാലി: ഗ്രാമപഞ്ചായത്തിലെ ഇരുമ്പുപാലം മൂന്നാർവാലിയിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എ നിർവ്വഹിച്ചു. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പദ്യോഗസ്ഥരുടെയും പഞ്ചായത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയുമൊക്കെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്ന് എംഎൽഎ പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു അദ്ധ്യക്ഷത വഹിച്ചു.
120 കിടക്കകളാണ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്നത്. 3 ഡോക്ടർമാർ 7 സ്റ്റാഫ് നഴ്‌സുമാർ, 3 ക്ലീനിംഗ് സ്റ്റാഫുകൾ എന്നിവരുടെ സേവനം ട്രീറ്റ്‌മെന്റ് സെന്ററിൽ ലഭ്യമാക്കിയിട്ടുണ്ട്. രോഗികളെ കൂടുതൽ വിദഗ്ദ്ധ ചികിത്സക്ക് കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായി വരുന്ന ആംബുലൻസ് സംവിധാനമുൾപ്പെടെ സെന്ററുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിട്ടുള്ളതായും പഞ്ചായത്തും ആരോഗ്യവകുപ്പുദ്യോഗസ്ഥരും അറിയിച്ചു. മുമ്പ് കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടങ്ങളിലൊക്കെയും ഇരുമ്പുപാലത്ത് കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമായി നടന്നിരുന്നു.ചടങ്ങിൽ പരിപാടിയിൽ ആരോഗ്യവകുപ്പദ്യോഗസ്ഥർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.