തൊടുപുഴ: കൊവിഡ് വ്യാപനതോതും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും കുറഞ്ഞതോടെ ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സിയിൽ നിന്ന് വീണ്ടും ബി കാറ്റഗറിയിലായി. ഇതോടെ സിനിമാ തീയേറ്ററുകൾ, ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ തുറന്നു. എന്നാൽ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക പൊതുപരിപാടികൾക്കും കൂടിചേരലുകൾക്കുമുള്ള വിലക്ക് തുടരും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 പേർ മാത്രമെന്ന നിയന്ത്രണം തുടരും. മതപരമായ ചടങ്ങുകൾ ഓൺലൈനായി മാത്രം നടത്തണം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 25 ശതമാനത്തിൽ താഴെയായതോടോയാണ് ജില്ല വീണ്ടും ബി കാറ്റഗറിയിലായത്.
നേരിയ ആശ്വാസം
ഒരാഴ്ച മുമ്പുണ്ടായിരുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ നിന്ന് നേരിയ പുരോഗതിയുണ്ടായതിന്റെ ആശ്വാസത്തിലാണ് ഇടുക്കി. ദിവസങ്ങൾക്ക് മുമ്പ് വരെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിലേറെയായിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയർന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജില്ലയെ സി കാറ്റഗറിയിലുൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് കൊവിഡ് വ്യാപനത്തിന് നേരിയ ശമനമുണ്ടായത്. എങ്കിലും ഇപ്പോഴും പ്രതിദിനം ആയിരത്തിലേറെ രോഗികളുള്ലതിനാൽ പൂർണമായി സന്തോഷിക്കാൻ വകയില്ല. പൊതുജനം സ്വയം ജാഗ്രതയോടെ മുന്നോട്ട് പോയാൽ അടുത്തയാഴ്ച ബിയിൽ നിന്ന് എ കാറ്റഗറിയിലേക്ക് മാറി നിയന്ത്രണങ്ങളിൽ ഇളവുകൾ നേടാം.