nikhil
പ്രതി നിഖിൽ രാജ്

• ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത് അപകടമുണ്ടായി 40 ദിവസങ്ങൾക്ക്‌ശേഷം


കട്ടപ്പന :കാൽനടയാത്രക്കാരൻ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിലായി. ഉപ്പുതോട് ഉറുമ്പിക്കുന്നേൽ നിഖിൽ രാജാണ് (27) നാൽപത് ദിവസത്തെ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായത്. വെള്ളയാംകുടി ലക്ഷം വീട്‌കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ (53) ഡിസംബർ 24 ന് രാത്രിയിലാണ് വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് മരണമടഞ്ഞത്.റോഡരികിലെ ഓടയിൽ കിടന്നിരുന്ന കുഞ്ഞുമോന്റെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക്‌ശേഷമാണ് കണ്ടെത്താനായത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള ഇയോൺ കാർ ഇടിച്ചാണ് മരിച്ചതെന്ന് വ്യക്തമായത്. ബന്ധുക്കളുടെ പരാതിയിൽ മൂന്നംഗ അന്വേഷണ സംഘം സമാന നിറത്തിലെ ഒട്ടനവധി ഇയോൺ കാറുകൾ പരിശോധിച്ചാണ് അവസാനം പ്രതിയിലേയ്ക്ക് എത്തിയത്. കട്ടപ്പന സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനോദ് കുമാറിന് ലഭിച്ച വിവരത്തിലാണ് കാർ തങ്കമണിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നിഖിലിനെയും പിടികൂടുകയായിരുന്നു. എസ് എച്ച് ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ് ഐ കെ . ദിലീപ് കുമാർ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ്‌മോന്റെ നിർദ്ദേശപ്രകാരമായിരുന്നു അന്വഷണം


• വാഹനമിടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയത് ബന്ധുക്കൾ

കുഞ്ഞുമോൻ കാറിടിച്ചാണ് മരിച്ചതെന്ന് കണ്ടെത്തിയത് ബന്ധുക്കൾ .ഓടയിൽ മരിച്ചു കിടന്നിരുന്ന കുഞ്ഞുമോന്റെ ദേഹത്ത് കാണപ്പെട്ട പരിക്കുകളാണ് സംശയത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് സമീപത്തെ കാർ ആക്‌സസറീസ് സ്ഥാപനത്തിലെ സി.സി ടി വി ദൃശ്യങ്ങൾ അടുത്ത ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് അപകട മരണമാണെന്ന് ഉറപ്പ് വരുത്തിയത്.


• പൊലീസ് പരിശോധിച്ചത് 540 വെള്ള നിറത്തിലെ ഇയോൺ കാറുകൾ

സൈബർ വിദഗ്ദ്ധൻ അടങ്ങുന്ന 3 അംഗ അന്വേഷണ സംഘം 1700 ഓളം ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ചു. 540 കാറുകൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു. അപകടമുണ്ടായ ദിവസത്തെയടക്കം 55 സി സി ടി വി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. പലതിലും കാർ കാണാനായെങ്കിലും നമ്പർപ്ലേറ്റ് വ്യക്തമായിരുന്നില്ല.വാഹനത്തിന് രൂപ മാറ്റം വരുത്താൻ സാധ്യതയുള്ളതിനാൽ ഇടുക്കി,കോട്ടയം, എറണാകുളം, കമ്പം തുടങ്ങിയ സ്ഥലങ്ങളിലെ പെയ്ന്റിംഗ് ,മെക്കാനിക്കൽ വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിലും അന്വേഷണ സംഘം പോയിരുന്നു.


• പിടിക്കപ്പെടാതിരിക്കാൻ കാറിൽ വരുത്തിയ മോഡിഫിക്കേഷൻ അഴിച്ചു മാറ്റി.


ഗൃഹനാഥന്റെ മരണത്തിന് പിന്നാലെ പൊലീസ് കേസ് എടുത്തുവെന്നറിഞ്ഞതോടെ പ്രതി തങ്കമണിയിൽ സുരക്ഷിതമായ സ്ഥലത്ത് കാർ ഒളിപ്പിച്ചു. അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന തിരിച്ചറിയത്തക്ക വിധമുള്ള പ്രത്യേകതരം ബീഡിംഗും പ്രതി ഇളക്കി മാറ്റി. പെട്ടെന്ന് പിടിയിലാകാതെ ഇരിക്കാനാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.