പീരുമേട്: പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് പ്രായപൂർത്തിയാകാത്ത അതെ പെൺക്കുട്ടിയെ വീണ്ടും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്സിൽ അറസ്റ്റിൽ. വണ്ടിപ്പെരിയാർ മഞ്ചുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിഘ്‌നേശ് (22 ) ആണ് അറസ്റ്റിലായത്. ഇത് മൂന്നാം തവണയാണ് യുവാവ് പോക്‌സോ കേസിൽ അറസ്റ്റിലാകുന്നത്. മൂന്ന് തവണയും ഒരേ പെൺക്കുട്ടിയെ തന്നെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. 15 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 2019ലാണ് ആദ്യം അറസ്റ്റിലാകുന്നത്. തുടർന്നു ജാമ്യത്തിലിറങ്ങിയ പ്രതി ഇതേ പെൺക്കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ 2021 ൽ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ഇയാൾ പെൺകുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നു കളഞ്ഞു. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്ന് വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നും പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ റ്റി ഡി. സുനിൽ കുമാർ, സബ്ബ് ഇൻസ്പക്ടർ അമൃത രാജ് , സി.പി. ഒ മാരായ ജോജി അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്‌