തൊടുപുഴ: വിൽപ്പനയ്ക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. കാരിക്കോട് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി പ്രദീപ് സാഹയാണ് (37) പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന മുറിയിൽ നിന്നും 12.5 ലിറ്റർ വിദേശ മദ്യമാണ് പിടിച്ചെടുത്തത്. ഇതിനു പുറമെ മദ്യത്തിന്റെ ഒട്ടേറെ കാലിക്കുപ്പികളും ഇവിടെ നിന്നും കണ്ടെത്തി. ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങുന്ന മദ്യം അന്യ സംസ്ഥാന തൊഴിലാളികൾക്കും നാട്ടുകാർക്കും കൂടിയ വിലയ്ക്ക് മറിച്ചു വിൽപ്പന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.