തൊടുപുഴ: കൊവിഡ് വ്യാപന തീവ്രതയിലും കുട്ടികളിലേക്ക് എത്തുകയാണ് "സദ്ഗമായ" പദ്ധതി. കുട്ടികളുടെ പഠന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് സദ്ഗമയ. സംസ്ഥാന ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സദ്ഗമയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ, കൗമാരപ്രായക്കാർ, രക്ഷിതാക്കൾ, ടീച്ചേഴ്സ് എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ലോക്‌ ഡൗണിനെ തുടർന്ന് സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന സമയങ്ങളിൽ ഓൺലൈൻ ബോധവത്കരണ ക്ലാസുകളിലൂടെയും ടെലി മെഡിസിൻ സേവനങ്ങളിലൂടെയും ജില്ലയിലെ സദ്ഗമയ കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലാ ഹോമിയോ മെഡിക്കൽ ആഫീസറുടെ നിയന്ത്രണത്തിൽ മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രി, പുഷ്പകണ്ടത്തുള്ള സർക്കാർ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ സദ്ഗമയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ലോക്‌ ഡൗണിൽ ജില്ലയിൽ വിവിധ ഭാഗങ്ങളിലുള്ള അയ്യായിരത്തിലേറെ കുട്ടികളിലേക്ക് സദ്ഗമയുടെ സേവനങ്ങൾ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

പദ്ധതി ലക്ഷ്യം

പഠനത്തിൽ പിന്നാക്കമാകുക,​ ശ്രദ്ധ കുറവ്,​ അടങ്ങിയിരിക്കാൻ ബുദ്ധിമുട്ട്,​ മോഷണ താത്പര്യം,​ അമിത നുണ പറച്ചിൽ,​ നശീകരണ പ്രവണത,​ ബുദ്ധിമാന്ദ്യം,​ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം,​ ലൈംഗിക കാര്യങ്ങളിലുള്ള അബദ്ധ ധാരണകൾ,​ അമിതദേഷ്യം,​ അനുസരണ ഇല്ലായ്മ,​ നിഷേധ മനോഭാവം,​ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയാതെ വരിക എന്നിങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകലാണ് സദ്ഗമയ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

ചികിത്സ രീതി

ഓരോ കുട്ടിയുടെയും മാനസികവും ശാരീരികവുമായ പ്രത്യേകതകൾ അറിഞ്ഞ് മരുന്നുകൾ,​ ബോധവത്കരണം,​ ആവശ്യമായ മറ്റ് സേവനങ്ങൾ എന്നിവ നൽകൽ. പ്രത്യേകമായ വിദ്യാഭ്യാസത്തിലൂടെ പഠനം എളുപ്പമാക്കൽ. ആവശ്യമെങ്കിൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കൽ എന്നിങ്ങനെയുള്ള ചികിത്സയാണ് ഇതിലൂടെ നൽകുന്നത്.

സേവന കേന്ദ്രങ്ങൾ

 ജില്ലാ ഹോമിയോ ആശുപത്രി, മുട്ടം. പ്രവർത്തി ദിനങ്ങൾ: തിങ്കൾ മുതൽ ശനി വരെ. സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ. ഫോൺ: 04862 256780, സദ്ഗമയ: 04862256699.

 ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി, പുഷ്പകണ്ടം. പ്രവർത്തി ദിനങ്ങൾ: മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ച. സമയം: രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ. ഫോൺ: 04868236113.