പീരുമേട്: വണ്ടിപ്പെരിയാർ സ്റ്റേറ്റ് വെജിറ്റബിൾ ഫാമിൽ സംയോജിത കൃഷി പദ്ധതി പ്രകാരം നവീകരിച്ച കോഴി വളർത്തൽ യൂണീറ്റ് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘടനം ചെയ്തു. കൂടുതൽ പശുക്കൾ വളർത്താനും തൊഴിലാളികളുടെയും തൊഴിലിന്റെയും വർദ്ധന ഉണ്ടാക്കാനുമുള്ള നടപടി ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. സംയോജിത കൃഷിരീതി പ്രകാരം നിരവധി പദ്ധതികളാണ് വണ്ടിപ്പെരിയാർ 62-ാം മൈലിൽ പ്രവർത്തിച്ചു വരുന്ന സംസ്ഥാന പച്ചക്കറി ഫാമിൽ നടത്തിവരുന്നത്. ഗ്രാമപ്രിയ, ഗ്രാമശ്രീ, ടർക്കി, ഫാൻസി, കരിങ്കോഴികൾ എന്നിവ കൂടാതെ വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയ പശുക്കളും പച്ചക്കറികളുടെ വിത്ത് ഉത്പാദനവുമാണ് പ്രധാനമായി ഇവിടെ നടക്കുന്നത്. ഇതിന്റെ ഭാഗമായി 3.18 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച കോഴി വളർത്തൽ യൂണിറ്റിന്റെ ഉദ്ഘാടനമാണ് നടന്നത്. ഫാം സൂപ്രണ്ട് ആർ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തൊഴിലാളികളും പങ്കെടുത്തു.