മുട്ടം: മുട്ടത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുട്ടം ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെ ലൈറ്റുകളും ബോർഡുകളും സാമൂഹ്യ വിരുദ്ധർ തകർത്തു. നീതു ടെക്സ്റ്റൈൽസിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ തകർത്തു. ചാമക്കാലായിൽ ടെക്സ്റ്റോറിയത്തിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന സ്റ്റീൽ ചങ്ങല അഴിച്ചു കൊണ്ടുപോയി. അനസൂയ സ്റ്റോഴ്സിന്റെ ബോർഡും കടത്തിക്കൊണ്ടു പോയി. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരുന്ന കൊടികളും നശിപ്പിച്ചിട്ടുണ്ട്. പൊലീസ് ടൗണിൽ വാഹന നിയന്ത്രണത്തിനായി വെച്ചിരുന്ന ബാരിക്കേഡും തകർത്തിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ അതിക്രമത്തിനെതിരെ വ്യാപാരികൾ മുട്ടം പൊലീസിൽ പരാതി നൽകി.