 ഓരോ മണ്ഡലത്തിലും നാല് ചാർജിംഗ് സ്റ്റേഷനുകൾ വീതം

കട്ടപ്പന: ഇടുക്കിയിലുള്ളവർക്കും ഇനി ധൈര്യമായി ഇലക്ട്രിക് വാഹനം വാങ്ങാം,​ കെ.എസ്.ഇ.ബി വഴി നടപ്പാക്കുന്ന പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ ജില്ലയിലെ ഓരോ നിയോജകമണ്ഡലത്തിലും നാലെണ്ണം വീതം സ്ഥാപിക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര, മുചക്ര വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷൻ ഉപയോഗിക്കാൻ സാധിക്കും. യൂണിറ്റിന് 10.60 രൂപയായിരിക്കും കെ.എസ്.ഇ.ബി ഈടാക്കുക. ഉപയോഗിച്ച വൈദ്യുതി അടിസ്ഥാനപ്പെടുത്തി ഓൺലൈനായി പണം നൽകാനും സൗകര്യമുണ്ടാകും. ഇലക്ട്രിക് ഓട്ടോകളും, സ്‌കൂട്ടറുകളും ഉപയോഗിക്കുന്ന സ്വദേശികൾക്ക് പുറമേ വിനോദ സഞ്ചാരത്തിനെത്തുന്നവർക്കും ചാർജിംഗ് സ്‌റ്റേഷനുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. ഇടുക്കി മണ്ഡലത്തിൽ വാണിജ്യ നഗരമായ കട്ടപ്പന, ചെറുതോണി, ചേലച്ചുവട്, മുരിക്കാശ്ശേരി, മൂലമറ്റം എന്നിവിടങ്ങളിലാണ് തുടക്കത്തിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്നാണ് അഞ്ച് ചാർജിംഗ് സ്റ്റേഷനുകൾ ഇടുക്കി മണ്ഡലത്തിൽ യാഥാർത്ഥ്യമാകുന്നത്. കെ.എസ്.ഇ.ബി ഉടമസ്ഥയിലുള്ള സ്ഥലത്താകും സ്റ്റേഷനുകൾ നിർമ്മിക്കുക. കേരളത്തിലാകെ 1160 ചാർജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ കോഴിക്കോട് തുടങ്ങിയ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷൻ വിജയകരമായിരുന്നു.

അതിവേഗ ചാർജിംഗ് സ്റ്റേഷനുകളും ഉടൻ

അരമണിക്കൂറിൽ താഴെ സമയം കൊണ്ട് കാറുകൾ പൂർണമായും ചാർജാകുന്ന അതിവേഗ ചാർജിംഗ് സ്റ്റേഷനുകളും കെ.എസ്.ഇ.ബി ഇടുക്കിയിൽ ആരംഭിക്കും. കാറുകൾ ഉൾപ്പെടെ ഇടത്തരം വാഹനങ്ങളുടെ ചാർജിങ്ങിനായി അതിവേഗ ചാർജിങ് സെന്ററുകളുടെ നിർമാണം തൊടുപുഴയിലും മൂലമറ്റത്തും അവസാനഘട്ടത്തിലാണ്. വാഴത്തോപ്പിൽ നിർമാണം പൂർത്തിയായ ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ ഉടൻ പ്രവർത്തനമാരംഭിക്കും. വിനോദ സഞ്ചാര ജില്ലയായതിനാൽ പ്രധാന സ്ഥലങ്ങളിൽ അത്തരം ചാർജിംഗ് സ്റ്റേഷൻ വേഗത്തിൽ എത്തിക്കാനാണ് ബോർഡിന്റെയും നീക്കം. യൂണിറ്റിന് 15.34 രൂപയാണ് ഈടാക്കുന്നത്. അഞ്ച് രൂപ വൈദ്യുതി ചാർജും 2.80 രൂപ ഫിക്‌സഡ് ചാർജും 5.20 സർവീസ് ചാർജും 2.34 രൂപ ജി.എസ്.ടി.യുമാണ്.