prathikal
അറസ്റ്റിലായ പ്രതികൾ

 മോഷണം പോയ വിഗ്രഹവും തിരികെ കിട്ടി

നെടുംകണ്ടം: പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷ്ടിച്ച കേസിൽ ഒരു വർഷത്തിന് ശേഷം രണ്ട് പേർ പിടിയിൽ. അന്യാർതൊളു ആനിവേലിൽ ശശി (പ്രസാദ്- 48), കൽത്തൊട്ടി കാനാട്ട് റജി ജോസഫ് (48) എന്നിവരാണ് അറസ്റ്റിലായത്. മോഷണം പോയ വിഗ്രഹവും തിരികെ ലഭിച്ചു. 2015 ൽ പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ സ്ഥാപിച്ച പഞ്ചലോഹ വിഗ്രഹം 2021 ജനുവരി 11 രാത്രിയിലാണ് മോഷണം പോയത്. ക്ഷേത്രം ഭരണ സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം തടസപ്പെട്ടു. ഇതിനിടെ കഴിഞ്ഞ ദിവസം ഷാപ്പിൽ മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറഞ്ഞു. വിറ്റാൽ 50,​000 രൂപ കിട്ടുമെന്നും വിഗ്രഹം സുഹൃത്തിന്റെ പക്കലുണ്ടെന്നുമാണ് പറഞ്ഞത്. ഈ വെളിപ്പെടുത്തലാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വിവരം ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ അറിഞ്ഞു. ഭാരവാഹികൾ ശശിയെ കമ്പംമെട്ട് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ശശി മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം സുഹൃത്ത് റെജി ജോസഫിനെ എൽപ്പിച്ചതായി പറഞ്ഞു. റെജിയുടെ വീട്ടിൽ കമ്പംമെട്ട് പൊലീസ് നടത്തിയ റെയ്ഡിൽ കിടപ്പുമുറിയിൽ ബിഗ് ഷോപ്പറിലാക്കി ചാക്കിൽ പൊതിഞ്ഞ നിലയിൽ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി.