വെള്ളിയാമറ്റം: പഞ്ചായത്തിലെ പൂമാല - പാടത്തിൽ കോളനി റോഡ് സഞ്ചാര യോഗ്യമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടൽ. റോഡ് സഞ്ചാര യോഗ്യമാക്കാൻ ആവശ്യമായ നടപടികൾക്ക് വേണ്ടി പ്രദേശവാസികൾ സംഘടിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ പരാതി നൽകിയിരുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, രോഗികൾ, പട്ടികജാതി- പട്ടികവർഗ വിഭാഗക്കാർ എന്നിവർ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതായിട്ടായിരുന്നു പ്രദേശവാസികൾ നൽകിയ പരാതിയിലുണ്ടായിരുന്നത്. പരാതി സ്വീകരിച്ച സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയുമായ പി.എ. സിറാജുദ്ദീൻ വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ് - സെക്രട്ടറി, കോതമംഗലം ഡിവിഷ്ണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റോഡ് സഞ്ചാര യോഗ്യമാക്കാൻ തയ്യാറാണെന്ന് പഞ്ചായത്ത്‌, വനംവകുപ്പ് അധികൃതർ സബ് ജഡ്ജിനെ അറിയിച്ചു.