കരിമണ്ണൂർ: സ്റ്റാലിൻ ഗോപിനാഥൻ മജിഷ്യൻ ആണ്. പക്ഷേ, ഗോപിനാഥൻ നിർമ്മിച്ച സൈക്കിൾ പക്ഷേ,​ മാജിക്കല്ല! സ്റ്റാലിന്റെ സൈക്കിളിൽ കയറിയിരുന്നാൽ മതി,​ പെഡൽ ചവിട്ടാതെ തന്നെ​ താനെ മുന്നോട്ടുപോകും. സൈക്കിളിന്റെ മുൻചക്രത്തിൽ ബസിന്റെ വൈപ്പർ മോട്ടോർ ഘടിപ്പിച്ച് ചെയിനും പൽചക്രവും വഴി ബാറ്ററിയുമായി ബന്ധിപ്പിച്ചാണ് പ്രവർത്തനം. വെറും 12,​000 രൂപയ്ക്കാണ് ഈ സൈക്കിൾ നിർമിച്ചത്. ഒറ്റത്തവണ ചാർജ് ചെയ്താൽ കിലോമീറ്ററുകളോളം സഞ്ചരിക്കാമെന്ന് ഈ 60കാരൻ അവകാശപ്പെടുന്നു. ചാർജ് തീർന്നാൽ സാധാരണ പോലെ പെഡൽ ചവിട്ടിയും ഈ സൈക്കിൾ ഓടിക്കാനാകും. ബാറ്ററി സൈക്കിൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാർക്ക് വിൽക്കണമെന്നാണ് സ്റ്റാലിന്റെ ആഗ്രഹം. പത്താം ക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂവെങ്കിലും, കണ്ടുപിടിത്തങ്ങൾ കൊണ്ട് നേരത്തെയും നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട് സ്റ്റാലിൻ ഗോപിനാഥൻ എന്ന മജിഷ്യൻ പി.ജി.എസ് മാൻഡ്രേക്ക്‌. സ്വന്തമായി ചെറുവിമാനം നിർമിച്ച് പ്രശസ്തനായ മൂകനും ബധിരനുമായ സജിതോമസിന്റെ നാട്ടുകാരനും സുഹൃത്തുമാണ് തൊടുപുഴ തട്ടക്കുഴ കൊല്ലപ്പുഴ സ്വദേശിയായ ഈ കണ്ടുപിടുത്തങ്ങളുടെ മാന്ത്രികൻ. അന്ന് സജിതോമസ് വിമാനം നിർമിച്ചപ്പോൾ എൻജിൻ ജോലികളിലടക്കം സ്റ്റാലിനും സഹായിച്ചിരുന്നു. 45 വർഷമായി പി.ജി.എസ് മാൻഡ്രേക്ക് എന്ന പേരിൽ അന്യസംസ്ഥാനങ്ങളിലടക്കം മാജിക് ഷോകൾ അവതരിപ്പിക്കുന്ന തട്ടക്കുഴ പറേക്കാവിൽ സ്റ്റാലിൻ നാട്ടിൽ അറിയപ്പെടുന്നത് തന്നെ 'മാജിക്' എന്നാണ്. കണ്ടുപിടുത്തങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ മാജിക്മാൻ. രണ്ട് വർഷം മുമ്പ് സംസാരിക്കുന്ന പാവ തയ്യാറാക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോൾ ശാസ്ത്രമേളകളിൽ വലിയ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുന്ന പലതും സ്റ്റാലിൻ വർഷങ്ങൾക്ക് മുമ്പേ ഉണ്ടാക്കിയിട്ടുണ്ട്. വ്യായാമം ചെയ്തുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പെഡൽ ജനറേറ്റർ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സ്റ്റാലിൻ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ വർഷവും ശാസ്ത്രമേളയ്ക്കും പ്രോജക്ടിനുമെന്ന പേരിൽ ഇരുപതിലേറെ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും തന്നെ സമീപിക്കാറുണ്ടെന്ന് സ്റ്റാലിൻ പറയുന്നു. സ്വിച്ചിട്ടാൽ തെങ്ങിൽ കയറി തേങ്ങിയിടുന്ന യന്ത്രം, പാടത്ത് വിത്ത് വിതയ്ക്കുന്ന യന്ത്രം, വായുവിൽ സ്വയം കറങ്ങുന്ന ഗ്ലോബ് തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങൾ ഇക്കാലത്തിനിടെ സ്റ്റാലിൻ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് പേറ്റന്റെടുക്കുന്നതിനോടൊന്നും സ്റ്റാലിന് വിശ്വാസമില്ല. മൂന്ന് വർഷം മുമ്പ് ഇടുക്കിക്കാർ നിർമിച്ച 'മൂന്നാംപ്രളയം' എന്ന സിനിമയിലും സ്റ്റാലിൻ വേഷമിട്ടിട്ടുണ്ട്. ഷീറ്റ് മേഞ്ഞ വീട്ടിൽ താമസിക്കുന്ന സ്റ്റാലിന് പക്ഷേ പണക്കാരനാകാനുള്ള കണ്ടുപിടുത്തമൊന്നും അറിയില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചിത്രയാണ് ഭാര്യ. വിവാഹിതരായ അപർണ, അനുപമ എന്നിവർ മക്കളാണ്‌.