തൊടുപുഴ: ഉദ്ഘാടനം കാത്തുകിടക്കുന്ന പുതിയ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ അന്തിമഘട്ട നിർമാണം വീണ്ടും പുനരാരംഭിച്ചു. എ.സി.പി പാനലിംഗ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എത്രയും പെട്ടെന്ന് ഡിപ്പോ തുറന്ന് നൽകുക എന്ന ലക്ഷ്യം വെച്ചാണ് പണികൾ വേഗത്തിൽ നടത്തുന്നത്. ഓഫീസ് സജ്ജീകരിക്കൽ, ഗ്ലാസ് വർക്ക്, ടൈല് പണി, തൂണുകൾക്ക് ഇടയിലെ ചോർച്ച അടയ്ക്കൽ, പെയിന്റിങ് എന്നിവ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ ഇവിടെ നിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ. ഒമ്പത് വർഷം മുമ്പ് തുടങ്ങിയ ഡിപ്പോയുടെ നിർമാണം ഇത്തവണ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. 2013 ജനുവരി 10നാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെ.എസ്.ആർ.ടി.സി. കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പണി ആരംഭിച്ചത്. എന്നാൽ, നിർമാണം നീണ്ടുപോയി. ആദ്യം 12.5 കോടിയാണ് നിർമാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. നിർമാണ പ്രവർത്തികൾ നീണ്ടു പോയതോടെ ചെലവ് ഉയർന്ന് 16 കോടിയായി. പിന്നെയും അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ ബാക്കിയായി. ഇക്കാര്യം കേരളകൗമുദിയടക്കമുള്ല മാധ്യമങ്ങൾ നിരന്തരം വാർത്തയാക്കി. പി.ജെ. ജോസഫ് എം.എൽ.എ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് രണ്ട് കോടി രൂപ കൂടി അനുവദിച്ചു. ഇതിന് ശേഷം പുനരാരംഭിച്ച പണികളാണ് ഇപ്പോൾ നടക്കുന്നത്.