 
കട്ടപ്പന: വാടകവീടിന്റെ താക്കോൽ തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിൽ ഗൃഹനാഥനും മകനുമടക്കം മൂന്ന് പേർക്ക് പട്ടാപകൽ ടൗണിൽ വെട്ടേറ്റു. ഉപ്പുതറ പൊരിങ്കണ്ണി മുകുളയിൽ സണ്ണി (60), മകൻ സബിൻ (33), സുഹൃത്ത് ആലാനിക്കൽ ജിജി (48) എന്നിവർക്കാണ് പരിക്കേറ്റത്. വെട്ടിപ്പരിക്കേൽപ്പിച്ച ഉപ്പുതറ കൊച്ചുപറമ്പിൽ സണ്ണിയാശാൻ എന്ന കുഞ്ഞുമോൻ ജോർജ് (60), മകൻ സഞ്ജു (35), മരുമകനും ഓട്ടോ ഡ്രൈവറുമായ വാഴവര മൂഴിക്കൽ ബെന്നി (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഉപ്പുതറ ടൗണിൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലായിരുന്നു ആക്രമണം. സബിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കായിരുന്നു പ്രതികൾ കഴിഞ്ഞിരുന്നത്. എന്നാൽ കൃത്യമായി വാടക നൽകാതിരുന്നതിനാൽ ഇരുവരോടും വീട് ഒഴിഞ്ഞു നൽകണമെന്ന് സബിൻ പറഞ്ഞിരുന്നു. പിന്നീട് വീട് മാറിയെങ്കിലും താക്കോൽ തിരികെ ഏൽപ്പിച്ചിരുന്നില്ല. ഇന്നലെ ചപ്പാത്തിന് പോകും വഴി കുഞ്ഞുമോനെ നേരിൽ കണ്ടപ്പോൾ താക്കോൽ നൽകാൻ സബിൻ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിലെ താക്കോൽ നൽകൂവെന്ന നിബന്ധന പ്രതികൾ മുന്നോട്ട് വച്ചു. ഇതിന് മറുപടിയായി താക്കോൽ പൊലീസ് സ്റ്റേഷനിൽ വച്ച് വാങ്ങിക്കോളാമെന്ന് സബിനും പിതാവും വ്യക്തമാക്കി മടങ്ങി. പിന്നീട് ഇരുകൂട്ടരും ടൗണിൽ കണ്ടുമുട്ടിയപ്പോഴാണ് കൂടുതൽ തർക്കമുണ്ടായതും കൈയ്യാങ്കളിയിൽ കലാശിച്ചതും. പ്രതിയായ കുഞ്ഞുമോന്റെ പക്കലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ചാണ് മൂവരെയും വെട്ടിയത്. ആക്രമണത്തിന് ശേഷം ഓട്ടോയിൽ കടന്നു കളഞ്ഞ പ്രതികളെ കട്ടപ്പനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സണ്ണിയെ വെട്ടാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടയിലാണ്
സബിന് വയറിന് വെട്ടുകൊണ്ടത്. സുഹൃത്തായ ജിജിയുടെ ഇരു കൈകളിലും വെട്ടേറ്റ് ഞരമ്പുകൾ മുറിഞ്ഞു. ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സണ്ണിയുടെ കാലിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ കൊച്ചുപറമ്പിൽ കുഞ്ഞുമോൻ ഒരാളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഉപ്പുതറ എസ്.എച്ച്.ഒ ഇ. ബാബു, എസ്.ഐ ജോസ് തോമസ്, സി.പി.ഒമാരായ രാജേഷ് കുറുപ്പ്, അജേഷ് എന്നിവരാണ് കുറ്റവാളികളെ പിടികൂടിയത്.