മഫ്തിയിൽ നടത്തിയ വാഹനപരിശോധനയിൽ 32 കേസുകളെടുത്തു
മറയൂർ: ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനങ്ങൾ ഓടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ കുടങ്ങിയത് ഒട്ടേറ പേർ. ഒറ്റ ദിവസം കൊണ്ട് കേരള- തമിഴ്‌നാട് അതിർത്തി മേഖലയായ മറയൂരിൽ പിടികൂടി രജിസ്റ്റർ ചെയ്തത് 32 കേസുകളാണ്. ഇതിൽ അപകടകരമാകും വിധം വാഹനമോടിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സംഭവവും ഉൾപ്പെടും. ഇയാളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്തതായി മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. വിവിധ കേസുകളിലായി വാഹന ഉടമകളിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപ പിഴയീടാക്കി. മറയൂരിൽ ട്രാഫിക് നിയമങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടാർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന. വാഹന വകുപ്പിന്റെ ഔദ്യോഗിക വാഹനം കണ്ടാൽ ഉടമകളും ഡ്രൈവർമാരും രക്ഷപെടുന്നതൊഴിവാക്കാൻ സംഘം സ്വകാര്യ വാഹനത്തിൽ മഫ്തിയിലാണ് പരിശോധനയ്ക്കെത്തിയത്. മറയൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മുരുകൻ മലയിൽ ഇത്തരത്തിലുള്ള നിരവധി വാഹനങ്ങൾ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിൽ സവാരി നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് എൻഫോഴ്‌മെന്റിന്റെ ഭാഗമായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി. അനിൽ കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ദീപു ആർ. നായർ, ജിനു ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും നടപടികളുമെടുത്തത്.