തൊടുപുഴ: കാർഷിക, തൊഴിൽ,വ്യവസായ മേഖലയിൽ വികസനവുമായി തുടങ്ങനാട് സ്‌പൈസസ് പാർക്ക് യാഥാർഥ്യത്തിലേക്ക്. ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കിൻഫ്രയുടെഓഫീസ് ഇവിടെ പ്രവർത്തനം ആരംഭിച്ചു. വ്യവസായ വകുപ്പ് കിൻഫ്രയ്ക്ക് കൈമാറിയ സ്ഥലത്ത് 12 കോടിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. നേരത്തെ പുരയിടത്തിൽ നിന്ന തടികൾ ഉൾപ്പെടെയുള്ളവ വെട്ടിമാറ്റിയിരുന്നു. 38 ഏക്കറോളം സ്ഥലമാണ് സ്‌പൈസസ് പാർക്കിനായി ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 91 ഏക്കർ സ്ഥലമാണ് ഇതിനായി വിഭാവനം ചെയ്തിരിക്കുന്നത്. ശേഷിക്കുന്നത് ഏറ്റെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. നിർമ്മാണ തൊഴിലാളികൾക്ക് താമസിക്കുന്നതിനും യന്ത്രസാമഗ്രികളടക്കം സൂക്ഷിക്കുന്നതിനുമായി കണ്ടെയ്‌നർ ഉൾപ്പെടെ സ്ഥലത്ത് എത്തിച്ചുകഴിഞ്ഞു. ഇവിടം വ്യവസായ സോണായി പ്രഖ്യാപിക്കുന്നതോടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള തടസങ്ങളെല്ലാം വേഗത്തിൽ പരിഹരിക്കാനാകും.
വികസനത്തിന് സഹായകം.......
മുട്ടം പഞ്ചായത്തിലെ തുടങ്ങാനാട് പ്രദേശത്താണ് സ്‌പൈസസ് പാർക്ക് സജ്ജമാകുന്നത് എന്നതിനാൽ പ്രദേശത്തിന്റെ വികസനത്തിന് പദ്ധതി ഏറെ സാഹായകം ആകും. ഏലം,ചുക്ക്,കുരുമുളക്,കാപ്പി,ജാതി,അടയ്ക്ക,കൊക്കോ തുടങ്ങിയ കാർഷിക ഉത്പ്പന്നങ്ങൾ കർഷകരിൽ നിന്നും സംഭരിക്കുകയും ഇവ വിപണനം ചെയ്യുന്നതിനും വ്യാവസായികാടിസ്ഥാനത്തിൽ സംസ്‌കരണം നടത്തുന്നതിനും വേണ്ടിയാണ് 2007ൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി തുടങ്ങനാട്ടിൽ സ്‌പൈസസ്പാർക്ക് സ്ഥാപിക്കാൻ തിരൂമാനിച്ചത്. എന്നാൽ തുടർ നടപടികൾ 15 വർഷത്തോളം വിവിധ കാരണങ്ങളാൽ തടസപ്പെട്ടു. സംസ്ഥാനത്ത് സ്‌പൈസസ് പാർക്ക് ആരംഭിക്കുന്നതിനായി 27 കോടിരൂപയാണ് കേന്ദ്രസർക്കാർ നേരത്തെ അനുവദിച്ചിരുന്നത്. നെടുങ്കണ്ടത്തിനു സമീപം പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് തുടങ്ങാനാട് പ്രദേശത്ത് 91 ഏക്കറും ഏറ്റെടുത്ത് ഇവിടെ സ്‌പൈസസ് പാർക്ക് നിർമിക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ അവിടെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് തുടങ്ങനാട്ടിൽ ഭൂമി കണ്ടെത്തുകയായിരുന്നു. ചില സ്ഥല ഉടമകളിൽ നിന്നും എതിർപ്പുയർന്നതോട പദ്ധതി തുടങ്ങാൻ ഒന്നരപതിറ്റാണ്ട് വൈകി. സ്ഥലം ഏറ്റെടുക്കാൻ 2008ൽ 4 വൺ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും തുടർന്നു 2009ൽ ഇതിന്റെ പ്രഖ്യാപനവുമുണ്ടായി. ഇതിനിടെ ചിലർ സൗകര്യപ്രദമായ സ്ഥലങ്ങളിൽ വസ്തു വാങ്ങുന്നതിന് അഡ്വാൻസുൾപ്പെടെ നൽകി. എന്നാൽ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയതോടെ കാർഷികാദായങ്ങൾ വെട്ടി വിറ്റവർ പദ്ധതി സംബന്ധിച്ച് ആശങ്കയിലായിരുന്നു. ഇതിനിടെയാണ് കിൻഫ്രയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.