തൊടുപുഴ : വെങ്ങല്ലൂർമങ്ങാട്ടുകവല നാലുവരിപ്പാതിയിൽ മാലിന്യം തള്ളിയ എറണാകുളം തൃക്കാക്കര സ്വദേശിയ്ക്ക് മുനിസിപ്പാലിറ്റി 2000രൂപ പിഴ ചുമത്തി. പൊതുവഴിയിൽ മാലിന്യം തള്ളിയെന്ന പരാതിയെ തുടർന്ന് ഹരിതകർമ്മ സേനാംഗങ്ങളും മാലിന്യ നിർമ്മാർജ്ജന തൊഴിലാളികളും നടത്തിയ പരിശോധനയിൽ ലഭിച്ച ആധാർ കാർഡിന്റെ നമ്പരിന്റെ പിന്നാലെ പോയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ മാലിന്യം തള്ളിയയാൾക്ക് മുനിസിപ്പൽ ആരോഗ്യവിഭാഗം പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
മുന്നു ദിവസം മുമ്പാണ് പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കളും സ്‌നഗ്ഗിയുൾപ്പടെയുള്ളവയും കാർഡ്‌സിന് സമീപം
നാലുവരി പാതയിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്.അവിടെ നിന്നും ലഭിച്ച ആധാർ നമ്പർ മുഹമ്മദ് സൈനുദ്ദീൻ, കൂട്ടുകാരൻ അപ്പാർട്ട്‌മെന്റ്‌സ് , തൃക്കാക്കര, എറണാകുളം എന്നയാളുടേതാണെന്ന് സൈബർ പരിശോധനയിൽ തെളിഞ്ഞു.ഇതേ തുടർന്നാണ് ആരോഗ്യ വിഭാഗം പിഴയൊടുക്കുന്നതിന് നോട്ടീസയച്ചത്.
മുഹമ്മദ് സൈനുദ്ദീനുമായി ഫോണിൽ ആരോഗ്യവിഭാഗം ഫോണിൽ ബന്ധപ്പെട്ടിരുന്നു. എറണാകുളത്തുള്ള താൻ എങ്ങനെയാണ് തൊടുപുഴയിൽ മാലിന്യം തള്ളുകയെന്ന മറുചോദ്യമാണ് ഉന്നയിച്ചതെങ്കിലും കാറിലോ മറ്റോ പോയപ്പോൾ വലിച്ചെറിഞ്ഞതാകാമെന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്.അതിനാൽ പിഴയൊടുക്കുന്നതിൽ നിന്നും ഒഴിവാകാനാവില്ലെന്നും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജീഷ്‌കുമാർ പറഞ്ഞു.