നെടുങ്കണ്ടം: കാഴ്ച മറക്കുന്ന അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യുമെന്ന് പറഞ്ഞ ട്രാഫിക് കമ്മറ്റിയിൽ ഉൾപ്പെട്ട പഞ്ചായത്തധികൃതർ തന്നെ നോ പാർക്കിംഗ് ബോർഡ് മറച്ച് സാനിറ്റൈസർ ബൂത്ത് നിർമ്മിച്ചു. സംസ്ഥാന പാത കടന്നു പോകുന്ന നെടുങ്കണ്ടം ടൗണിലെ പടിഞ്ഞാറേ കവലയിലാണ് ഈ വിചിത്ര രംഗം. തന്നെയുമല്ല കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസർ ബൂത്തിൽ സാനിറ്റൈസറുമില്ല.ഗതാഗത പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ട്രാഫിക് കമ്മറ്റി ചേർന്ന് സബ്കമ്മറ്റി രൂപവത്ക്കരിച്ച് പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് യോഗം പിരിഞ്ഞതിൽ പരാതികളും പരിഭവങ്ങളും പ്രതിഷേധവും ഉയർന്നതിനു പുറമെയാണ് ഈ രംഗം കൂടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. മോട്ടോർ വാഹന വകുപ്പും പഞ്ചായത്തും പൊലീസും ചേർന്ന് കൂടിയ കമ്മറ്റിയിൽ നെടുങ്കണ്ടത്ത് അടിമുടി മാറ്റം വരുത്തുമെന്ന് പറഞ്ഞിരുന്നു. എല്ലാ ദിവസവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൂത്തിൽ സാനിറ്റൈസർ നിറക്കുമെന്നായിരുന്നു ഉദ്ഘാടനത്തോടനുബന്ധിച്ച് പറഞ്ഞിരുന്നതെങ്കിലും ഉദ്ഘാടനത്തിനു ശേഷം ഇന്നേവരെ സാനിറ്റൈസർ നിറച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ടൗണിന്റെ പ്രധാന ഭാഗങ്ങളിൽ പത്ത് സ്ഥലത്താണ് സാനിറ്റെസർ ബൂത്ത് സ്ഥാപിച്ചത്. നെടുങ്കണ്ടം ടൗണിലെത്തുന്ന പൊതുജനങ്ങൾക്ക് ഈ ബൂത്തിൽ കയറി സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകാനായിരുന്നു ബൂത്തുകൾ സ്ഥാപിച്ചത്. ടൗണിലെത്തുന്ന ആളുകൾ ഓരോ ബൂത്തിലും കയറി കൈ കഴുകാൻ നോക്കുമ്പോഴാണ് കാലി കുപ്പികൾ കാണുന്നത്.