
തൊടുപുഴ: പശ്ചിമ ബംഗാളിൽ എട്ടുപേർ ചേർന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മുട്ടത്ത് നിന്ന് പിടികൂടി. മുർഷിദാബാദ് ദംഗൽ സ്വദേശി തുതുൽ ഹൽസാന(40)യെയാണ് തൊടുപുഴ പൊലീസിന്റെ സഹായത്തോടെ ദംഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ എട്ട് പേർ ചേർന്ന് ഒരാളെ കൊല്ലുകയായിരുന്നു. ഇതിന് ശേഷം ആറാം പ്രതിയായ തുതുൽ കേരളത്തിലേക്ക് കടന്ന് മേസ്തിരിപ്പണി ചെയ്ത് വരികയായിരുന്നു. ഇയാൾ ഇവിടെയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ദംഗൽ എസ്.ഐ. അരുപ് കുമാർ സർക്കാരിന്റെ നേതൃത്വത്തിൽ ശനിയാഴ്ച തൊടുപുഴയിലെത്തി. എ.എസ്.ഐമാരായ ഷംസുദ്ദീൻ, ദിലീപ് കുമാറിന്റെയും സഹായത്തോടെ മുട്ടത്ത് നിന്ന് പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി.