മൂന്നാർ: വിലക്കേർപ്പെടുത്താൻ നോക്കുന്നവർ ജന്മി കുടിയാൻ സമ്പ്രദായത്തിന്റെ കാലം കഴിഞ്ഞെന്ന് ഓർക്കണമെന്ന് ദേവികുളം മുൻ എം.എൽ.എ എസ് രാജേന്ദ്രൻ. കഴിഞ്ഞ ദിവസം എം.എം മണി എം.എൽ.എ നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരസ്യമായി ജാതി പറഞ്ഞെന്ന് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ഉണ്ടാകാത്ത പ്രവണത ദേവികുളം നിയോജകമണ്ഡലത്തിൽ ഉണ്ടായത് ശരിയായില്ലെന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. യൂണിയന്റെ വളർച്ചയ്ക്ക് താൻ ഒന്നും ചെയ്തില്ലെങ്കിൽ പിന്നെ എങ്ങനെയാണ് 2007ൽ യൂണിയന് മൂന്നാറിൽ അംഗീകാരം ലഭിച്ചതെന്ന് വിമർശിക്കുന്നവർ പറയണം. ജാതി ഉണ്ട് എന്നുള്ള കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല. 2021 ൽ പരസ്യമായി മൂന്നാറിൽ ജാതി പറഞ്ഞാണ് പാർട്ടി വോട്ട് പിടിച്ചത്. ഇത് പറഞ്ഞത് ശരിയായില്ല എന്നേ താൻ പറഞ്ഞുള്ളൂ. എം.എം മണിയെ പേടിച്ചല്ല വാർത്താസമ്മേളനം മാറ്റിവെച്ചത്.എം.എം മണി പറയാനുള്ളത് പറഞ്ഞോട്ടെ. പാർട്ടിഅന്വേഷണകമ്മീഷന്റെ കണ്ടെത്തലുകളിൽ പോലും ഇല്ലാത്ത കാര്യമാണ് എല്ലാവരും പറയുന്നത്. എം.എം .മണി തനിക്കെതിരെ പ്രസംഗിച്ചാൽ അത് താനും കൂടി കസേരയിട്ട് കേട്ടിരുക്കും.ഒരു മുതിർന്ന ആൾ എന്ന നിലയിൽ എം എം മണി പറയുന്നത് കേൾക്കേണ്ടത് ആണെങ്കിൽ കേൾക്കും ഇല്ലാത്തതാണെങ്കിൽ തള്ളിക്കളയുമെന്നും രാജേന്ദ്രൻ പറഞ്ഞു.