road
മങ്ങാട്ടുക്കവല- മുതലക്കോടം റോഡിലെ കുഴികളിലൊന്ന്‌

തൊടുപുഴ: ചിലയിടത്ത് വാരിക്കുഴികൾ, മറ്റ് ചിലയിടങ്ങളിൽ ടാറിംഗിന്റെ സ്ഥാനത്ത് കല്ലും മണ്ണും മാത്രം, ഇതൊന്നുമില്ലാത്ത സ്ഥലങ്ങളിൽ അശാസ്ത്രീയമായ ടാറിംഗ് മൂലം റോഡിൽ കട്ടിംഗുകൾ.... ഇതെന്താണ് ഈ നഗരത്തിലെ പാതകൾക്ക് പറ്റിയത്... തൊടുപുഴ നഗരത്തിലെത്തുന്ന ആർക്കും ഈ സംശയം തോന്നും. ഒറ്റ നോട്ടത്തിൽ കുഴപ്പമില്ലെന്ന് തോന്നുന്ന പ്രധാന റോഡുകളിലെ മുട്ടൻ കുഴികൾ ഇരുചക്രവാഹന യാത്രികർക്ക് വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. മങ്ങാട്ടുകവല- മുതലക്കോടം റോഡ്, കാ‌ഞ്ഞിരമറ്റം ബൈപ്പാസ് എന്നിവിടങ്ങളിൽ ഇത്തരം വാരിക്കുഴികൾ കാണാം. വർഷങ്ങൾക്ക് മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച ഭാഗം കൃത്യമായി മൂടാതെ റീ ടാർ ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. വശങ്ങൾ ചേർന്ന് വളവുകളിലാണ് കുഴികളിലധികവും. രാത്രികാലങ്ങളിൽ കുഴിയിൽചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. കുടിവെള്ള പൈപ്പിടുന്നതിനായി റോഡ് വട്ടം കുഴിച്ച ശേഷം കുഴി മൂടാതെ കരാറുകാർ സ്ഥലംവിടുന്നത് പതിവായിട്ടുണ്ട്. തൊടുപുഴ മൗണ്ട് സീനായി റോഡിൽ പൈപ്പിടാനായി കുഴിയെടുത്തിട്ട് മൂടാതെ രണ്ട് മാസത്തിലേറെയായി റോഡ് പൊളിഞ്ഞുകിടക്കുന്നു. ദിനംപ്രതി നൂറുകണക്കിന് പേർ യാത്ര ചെയ്യുന്ന റോഡാണ് ഏകദേശം അരക്കിലോ മീറ്ററോളം കീറിമുറിച്ചിട്ടിരിക്കുന്നത്. ഇവിടെയും അപകടം നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം ഇടവെട്ടി പഞ്ചായത്തിൽ നിരവധിയിടങ്ങളിൽ ജലനിധി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വട്ടം കുഴിച്ചിട്ട് കുഴി മൂടാതെ കരാറുകാർ പോയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുപോലെ അശാസ്ത്രീയമായ ടാറിംഗ് മൂലം റോഡിൽ കട്ടിംഗുണ്ടാകുന്നത് മറ്റെങ്ങും കാണാത്ത പ്രതിഭാസമാണ്. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ റോട്ടറി ജംഗ്ഷന് സമീപം റോഡിലെ കട്ടിംഗ് യാത്രക്കാർക്കും പ്രദേശത്തെ കച്ചവടക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നുണ്ട്. പുളിമൂട്ടിൽ ഷോപ്പിങ് ആർക്കേഡിന് സമീപമാണ് ടൈൽ പാകിയ ഭാഗവും ടാറിംഗും തമ്മിലുള്ള ഉയര കൂടുതൽ മൂലം വലിയ കട്ടിംഗ് രൂപപ്പെട്ടത്. നല്ലവഴിയായതിനാൽ നിരവധി വാഹനങ്ങളാണ് അപകടമറിയാതെ മൂവാറ്റുപുഴ ഭാഗത്ത് നിന്നെത്തി കുഴിയിൽ ചാടുന്നത്. അതുപോലെ ജിനദേവൻ റോഡിലും മാർക്കറ്റ് റോഡിലും അശാസ്ത്രീയമായ ടാറിംഗ് മൂലം റോഡ് ഉയർന്നും താഴ്ന്നുമാണിരിക്കുന്നത്. ഇരുചക്രവാഹന യാത്രികരാണ് ഇവിടെയും ഇരകൾ. ഇത്തരം വിഷയങ്ങളിൽ വ്യാപാരികളടക്കം അധികൃതരോട് പരാതി പറഞ്ഞ് മടുത്തെങ്കിലും ഒരു നടപടിയും ഉണ്ടാകാറില്ല. റോഡുകൾക്കെല്ലാം ഫണ്ട് അനുവദിച്ചെന്ന് പറയുമ്പോഴും മഴ മാറി രണ്ട് മാസം ആകുമ്പോഴും നഗരത്തിലെ മിക്ക റോഡുകളും നന്നാക്കാതെ പൊട്ടിപ്പൊളി‌ഞ്ഞുകിടക്കുകയാണ്.