illustration

രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും കൂറുമാറ്റത്തിന് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. രാഷ്ട്രീയത്തിലെ തൊട്ടുകൂടായ്മയും തീണ്ടലുമൊക്കെ അതത് രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് മാത്രമാണ്. അതുകൊണ്ടാണ് അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെന്ന് പറയുന്നത്. അതേസമയം ചില ആശയങ്ങളെയോ സാഹചര്യങ്ങളെയോ അടിസ്ഥാനമാക്കി നടത്തുന്ന രാഷ്ട്രീയ നീക്കുപോക്കും പാർട്ടിവിട്ട് തരാതരം പോലെ സഖ്യമുണ്ടാക്കുന്ന അവസരവാദ രാഷ്ട്രീയവും തമ്മിൽ വ്യത്യാസമുണ്ട്. അത്തരം കൂറുമാറ്ര രാഷ്ട്രീയ പരമ്പരയാണ് കുറച്ച് നാളുകളായി ഇടുക്കിയിൽ അരങ്ങേറുന്നത്. യാതൊരു നൈതികതയുമില്ലാത്ത കൂറുമാറ്റങ്ങളിലൂടെ തദ്ദേശഭരണം അട്ടിമറിക്കുന്നത് തുടർക്കഥയായി മാറി ഇവിടെ.

രണ്ട് മാസം,​ ഭരണമാറ്റം നാലിടത്ത്

രണ്ട് മാസത്തിനിടെ ജില്ലയിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനും ഒരു പഞ്ചായത്തിൽ എൽ.ഡി.എഫിനും ഭരണം നഷ്ടമായി. തദ്ദേശതിരഞ്ഞെടുപ്പിന് പിന്നാലെ യു.ഡി.എഫിന്റെ കൂടെ കട്ടയ്ക്ക് നിന്ന മുസ്ലിം ലീഗ് വനിതാ കൗൺസിലറെ രായ്ക്കുരാമാനം കൂറുമാറ്റി തൊടുപുഴ നഗരസഭാ ഭരണം പിടിച്ചെടുത്തത് മുതലാണ് ജില്ലയിലെ കാലുമാറ്റ രാഷ്ട്രീയത്തിന് തുടക്കമാകുന്നത്. മാസങ്ങൾക്കകം കരുണാപുരം പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് ബി.ഡി.ജെ.എസ് സ്വതന്ത്രന്റെ പിന്തുണയോടെ പിടിച്ചെടുത്താണ് യു.ഡി.എഫ് ഇതിന് മറുപടി നൽകിയത്. എന്നാൽ ഇതിന് പിന്നാലെ മൂന്നാർ,​ വാത്തിക്കുടി,​ കുടയത്തൂർ പഞ്ചായത്തുകളും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഒന്നൊന്നായി യു.ഡി.എഫിന് നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മൂന്നാർ പഞ്ചായത്തിൽ യു.ഡി.എഫിലെ രണ്ടംഗങ്ങൾ കൂറുമാറിയപ്പോൾ 11 വർഷമായി മുന്നണി കൈയടക്കിയിരുന്ന ഭരണമാണ് നഷ്ടമായത്. സി.പി.ഐയിലേക്ക് കൂറുമാറിയ പ്രവീണ രവികുമാറാണ് ഇപ്പോൾ പ്രസിഡന്റ്. സി.പി.എമ്മിലേക്ക് മാറിയ എം. രാജേന്ദ്രൻ വൈസ് പ്രസിഡന്റാണ്. വാത്തിക്കുടി പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ പ്രസിഡന്റ് സിന്ധു ജോസ്, കാലാവധി പൂർത്തിയായപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്നതാണ് യു.ഡി.എഫിന് ഭരണം നഷ്ടമാക്കിയത്.

18 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് പത്തും എൽ.ഡി.എഫിന് ഏഴും അംഗങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്രയായി ജയിച്ച ഒരു അംഗം കേരള കോൺഗ്രസ് എമ്മിലൂടെ ഇടതു മുന്നണിയിലെത്തിയിരുന്നു. യു.ഡി.എഫിൽ പ്രസിഡന്റടക്കം മൂന്ന് അംഗങ്ങൾ കേരള കോൺഗ്രസാണ്. ഏഴു പേർ കോൺഗ്രസും. പ്രസിഡന്റ് സ്ഥാനം വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന പഞ്ചായത്തിൽ മുന്നണി ധാരണ പ്രകാരം ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസിനു നൽകിയിരുന്നു. കാലാവധി പൂർത്തിയായതിനെ തുടർന്ന് സിന്ധു ജോസിനോട് കോൺഗ്രസ് പ്രതിനിധിക്കു വേണ്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാൻ പാർട്ടിയും മുന്നണിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനു തയ്യാറാകാതെയാണ് അവർ മുന്നണിയിൽ നിന്നു തന്നെ മാറിയത്.

ഭരണം പിടിച്ചെടുക്കാൻ സി.പി.എം പരീക്ഷിച്ച ഈ അടവുനയം പിന്നീട് കുടയത്തൂർ പഞ്ചായത്തിലും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും ആവർത്തിച്ചു.

കാലാവധി കഴിഞ്ഞപ്പോൾ മുന്നണിയോട് ചോദിച്ചുവാങ്ങിയ ഒരു മാസം കൂടി പ്രസിഡന്റ് സ്ഥാനത്തിരുന്ന ശേഷമായിരുന്നു കുടയത്തൂരിലെ കൂറുമാറ്റം. യു.ഡി.എഫ് പാനലിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായിട്ടാണ് ഉഷ വിജയൻ തിരഞ്ഞെടുത്തത്. ആദ്യ ഒരുവർഷം കേരള കോൺഗ്രസിനും തുടർന്ന് നാല് വർഷം കോൺഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഡിസംബർ 30ന് ഉഷാ വിജയന്റെ കാലാവധി ഒരു വർഷം പൂർത്തിയായെങ്കിലും ഒരു മാസം കൂടി ചോദിച്ച് വാങ്ങിയിരുന്നു. ആ കാലാവധിയും കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും പ്രസിഡന്റ് രാജിവച്ചില്ല. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി ഉഷാ വിജയൻ സി.പി.എമ്മിൽ ചേരുകയായിരുന്നു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമാകാൻ കാരണം കോൺഗ്രസിലെ ഗ്രൂപ്പ് കളി തന്നെയാണ്. കോൺഗ്രസിലെ രാജി ചന്ദ്രന് ആദ്യ ഒരുവർഷം നൽകി തുടർന്ന് കോൺഗ്രസിലെ തന്നെ ആൻസി തോമസിനെ പ്രസിഡന്റാക്കാനുള്ള തീരുമാനമാണ് കടുത്ത വിമർശനത്തിന് കാരണമായത്. രണ്ടുപേർക്കും പ്രസിഡന്റ് സ്ഥാനം ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കുകയായിരുന്നു. ഈ ഗ്രൂപ്പ് കളിയാണ് കോൺഗ്രസിന് ഇവിടെ വിനയായി മാറിയത്. കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ ഗ്രൂപ്പില്ലായെന്ന് ആവർത്തിച്ചു പറയുമ്പോഴും പ്രാദേശികതലത്തിൽ ഗ്രൂപ്പുകളിയിൽ കോൺഗ്രസ് കാലിടറി എന്നതിന് ഉത്തമ ഉദാഹരണമാണ് ഇടുക്കി ബ്ലോക്കിൽ സംഭവിച്ചത്.

നേതൃമാറ്റവും ഭരണമാറ്റവും

സി.പി.എമ്മിനും കോൺഗ്രസിനും ജില്ലയിൽ നേതൃസ്ഥാനത്ത് മാറ്റം സംഭവിച്ചതിന് പിന്നാലെയാണ് തദ്ദേശസ്ഥാപനങ്ങളിലും പിടിച്ചെടുക്കൽ രാഷ്ട്രീയം സജീവമായത്. കോൺഗ്രസിന്റെ അദ്ധ്യക്ഷനായി സി.പി. മാത്യുവും, സി.പി.എം സെക്രട്ടറിയായി സി.വി. വർഗീസും അധികാരത്തിലെത്തിയതോടു കൂടിയാണ് തദ്ദേശ സ്ഥാപനങ്ങളിലും രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇടയായത്. സി.പി. മാത്യു അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിലാണ് കരുണാപുരം പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് ബി.ഡി.ജെ.എസ് പിന്തുണയോടെ യു.ഡി.എഫ് പിടിച്ചെടുത്തത്. ഇതിന് മറുപടിയെന്നോണം മൂന്നാറും വാത്തിക്കുടിയും കുടയത്തൂരും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഒന്നൊന്നായി യു.ഡി.എഫിന് നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിന്നക്കനാലിൽ യു.ഡി.എഫിനെ അവിശ്വാസത്തിലൂടെ താഴെയിറക്കിയെങ്കിലും ഭരണം പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. എന്നാൽ സി.പി.എം സി.പി.ഐ ഭിന്നതമൂലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ഭരണം വീണ്ടും യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യവുമുണ്ടായത് ഇടതുപക്ഷത്തിന് തിരിച്ചടിയായി.

കൂറുമാറ്റം തുടരും

പ്രസിഡന്റ് സ്ഥാനം നിലനിറുത്താനുള്ള ഇത്തരം കൂറുമാറ്റങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ അരങ്ങേറുമെന്നാണ് സൂചന. മുന്നണികളിൽ ഉരുത്തിരിഞ്ഞ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയവർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകാത്തതാണ് കക്ഷിനിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തദ്ദേശസ്ഥാനപങ്ങളിൽ അട്ടിമറികളിലൂടെ ഭരണമാറ്റത്തിന് കളമൊരുക്കിയത്. അതിനാൽ രണ്ടോ രണ്ടരയോ വർഷം പൂർത്തിയാകുമ്പോൾ വീണ്ടും ഇതേ നാടകം ആവർത്തിച്ചേക്കാം. നാണം കെട്ടും പണം സമ്പാദിച്ചീടുക, നാണക്കേട് ആ പണം മാറ്റീടും' എന്ന ചൊല്ല് പോലെ അവസരവാദ രാഷ്ട്രീയത്തിന്റെ നാണക്കേട് അധികാരം കൈവരുമ്പോൾ മാറിക്കോളും എന്നതാണ് എല്ലാ അവസരവാദ രാഷ്ട്രീയക്കാരുടെയും പൊതുപ്രമാണം.