തൊടുപുഴ: ഹയർ സെക്കൻഡറി മേഖലയിൽ പുതുതായി നടപ്പിലാക്കുന്ന പരീക്ഷാ മാനുവലിലെ ചില പരിഷ്കാരങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. പരീക്ഷാ ഹാളിലെ പരീക്ഷാർത്ഥികളുടെ എണ്ണവും ഓരോ ദിവസവും അദ്ധ്യാപകർ മൂല്യനിർണയം ചെയ്യേണ്ട പേപ്പറുകളുടെ എണ്ണവും കൂട്ടിയതിനെതിരെയാണ് പ്രധാന ആക്ഷേപം. ഹയർസെക്കൻഡറി പരീക്ഷാ ഹാളിൽ 20 രണ്ടാം വർഷ വിദ്യാർത്ഥികളെ കൂടാതെ 10 ഒന്നാം വർഷക്കാരെയും ചേർന്ന് 30 പേരെ ഇരുത്തണമെന്നാണ് പുതിയ മാനുവലിൽ പറയുന്നത്. ഒരു ഇൻവിജിലേറ്റുടെ കീഴിൽ 30 വിദ്യാർത്ഥികൾ വരുമ്പോൾ ശ്രദ്ധക്കുറവുണ്ടാകാം. ചോദ്യപേപ്പർ നൽകി 15 മിനിട്ട് കൂൾ ഓഫ് ടൈമിൽ അദ്ധ്യാപകൻ 30 കുട്ടികളുടെയും ഉത്തരക്കടലാസിന്റെ ആദ്യ പേജ് വെരിഫൈ ചെയ്യുന്ന സമയത്ത് ഉത്തരങ്ങൾ പരസ്പരം കൈമാറാൻ കുട്ടികൾക്ക് സാധിക്കുമെന്നാണ് ആക്ഷേപം. മറ്റൊരു പരാതി പരീക്ഷ മൂല്യനിർണയം നടത്തുന്ന ഉത്തരക്കടലാസുകളുടെ എണ്ണത്തെക്കുറിച്ചാണ്. ഒരു ചീഫിനു കീഴിൽ അഞ്ച് അദ്ധ്യാപകരാണ് മൂല്യനിർണയം നടത്തേണ്ടത്. എല്ലാ വിഷയങ്ങൾക്കും രാവിലെയും ഉച്ചയ്ക്ക് ശേഷവും 13 ഉത്തരക്കടലാസുകൾ വീതം ആകെ 26 എണ്ണം മൂല്യനിർണയം നടത്തണമെന്നതാണ് മുമ്പുള്ള രീതി. ബോട്ടണിയ്ക്കും സുവോളജിയ്ക്കുമിത് 40 ആണ്. ഇതിലേതെങ്കിലും 13 ഉത്തരക്കടലാസുകൾ ചീഫ് നിർബന്ധമായും പുനർമൂല്യനിർണയം നടത്തണം. കൂടാതെ 85% മാർക്കിന് മുകളിൽ കിട്ടിയവയും. എന്നാൽ പുതുക്കിയ പരീക്ഷാ മാനുവൽ പ്രകാരം, ഒരു അദ്ധ്യാപകൻ ദിവസം 34 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തണം. ബോട്ടണിയും സവോളജിയും 50 എണ്ണവും. ചീഫ് 17 പേപ്പർ പുനർമൂല്യനിർണയം നടത്തേണ്ടിയും വരും. ഉത്തരക്കടലാസ് വിതരണം ചെയ്യുന്നതിനൊപ്പം രജിസ്ട്രറുകൾ തയ്യാറാക്കുകയും മാർക്ക് ലിസ്റ്റ് പരിശോധിക്കുകയും വേണം. ഇതിനിടയിൽ 17 ഉത്തരക്കടലാസുകളും 85ശതമാനം മാർക്കിന് മുകളിലുള്ള പേപ്പറുകളും പുനർമൂല്യനിർണയം നടത്താൻ ചീഫിന് സാധിക്കാതെ വരുമെന്നാണ് ആക്ഷേപം. ഇത് മൂല്യനിർണയത്തിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പ്രതീക്ഷിച്ചതിലും മാർക്ക് കുറഞ്ഞാൽ മാത്രമേ വിദ്യാർത്ഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കൂ. അതിനാൽ ഉത്തരക്കടലാസുകൾ സമയത്തിന് തീർക്കാനായി ഉത്തരം ശരിയായി വായിക്കാതെ കൂടുതൽ മാർക്കിടാൻ അദ്ധ്യാപകർ നിർബന്ധിതരാകുമെന്നാണ് വാദം. അതേസമയം ഓരോ ഉത്തരക്കടലാസും മൂല്യനിർണയം നടത്തുന്നതിന് ലഭിക്കുക എട്ട് രൂപ വീതമാണ്. കൂടുതൽ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തിയാൽ അദ്ധ്യാപകർക്ക് കൂടുതൽ പണം കിട്ടുമല്ലോയെന്നാണ് മാനുവലിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. എന്നാൽ ഒരു ദിവസം അദ്ധ്യാപകരെ കൊണ്ട് പരമാവധി ഉത്തകടലാസുകൾ മൂല്യനിർണയം നടത്തുക വഴി മൂല്യനിർണയ ദിവസങ്ങൾ കുറച്ച് ഡി.എ അടക്കമുള്ള തുക ലാഭിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് എതിർക്കുന്നവരും വാദിക്കുന്നു.
അതേസമയം മാനുവലിനെ എതിർക്കുന്നവർ തന്നെ അതിലെ ചില നല്ല വശങ്ങളുണ്ടെന്നും അഭിപ്രായപ്പെടുന്നു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ രണ്ടു തവണ മൂല്യനിർണയം നടത്തണമെന്നത് നല്ല നിർദേശമാണ്. പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് ക്ലാർക്ക് ടേബിളടക്കം സ്‌കൂളിൽ നിന്ന് വിതരണം ചെയ്യുമെന്നതടക്കമുള്ള നല്ല തീരുമാനങ്ങളും പുതുക്കിയ പരീക്ഷാ മാനുവലിലുണ്ട്.